play-sharp-fill
ചങ്ങനാശേരിയിലെ കൊള്ളക്കാരിയായ സർക്കാർ ഉദ്യോഗസ്ഥയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും: അറസ്റ്റിലായത് കൈക്കൂലി ചോദിച്ച് വാങ്ങുന്ന ജീവനക്കാരി; മൂന്നു മാസത്തിനിടെ വിജിലൻസിന്റെ നാലാമത് കൈക്കൂലി വേട്ട

ചങ്ങനാശേരിയിലെ കൊള്ളക്കാരിയായ സർക്കാർ ഉദ്യോഗസ്ഥയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും: അറസ്റ്റിലായത് കൈക്കൂലി ചോദിച്ച് വാങ്ങുന്ന ജീവനക്കാരി; മൂന്നു മാസത്തിനിടെ വിജിലൻസിന്റെ നാലാമത് കൈക്കൂലി വേട്ട

സ്വന്തം ലേഖകൻ
കോട്ടയം: കാൽലക്ഷം രൂപ കൈക്കൂലി ചോദിച്ചു വാങ്ങുന്നതിനിടെ ചങ്ങനാശേരിയിൽ വിജിലൻസിന്റെ പിടിയിലായ ഉദ്യോഗസ്ഥ സർക്കാർ ഉദ്യോഗസ്ഥരിലെ കൊള്ളക്കാരിയെന്ന് റിപ്പോർട്ട്. ഇവർക്കെതിരെ നൂറുകണക്കിന് പരാതികളാണ് വിജിലൻസ് സംഘത്തിനു മുന്നിൽ വന്നിരുന്നത്. സാധാരണക്കാരായ കർഷകരെ പോലും ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന ചങ്ങനാശേരി കൃഷി ഓഫിസർ കൊല്ലം സ്വദേശി വസന്തകുമാരിയെ നേരത്തെ തന്നെ വിജിലൻസിന്റെ പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ഇതുവരെയും കൃത്യമായി പരാതി ലഭിക്കാതെ വന്നതോടെയാണ് ഇവരുടെ അറസ്റ്റ് വൈകിയത്. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്ത ഇവരെ ബുധനാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. തുടർന്ന് ഇവരെ റിമാൻഡ് ചെയ്യുമെന്നാണ് സൂചന.
കോട്ടയത്ത് വി.ജി വിനോദ്കുമാർ വിജിലൻസ് എസ്.പിയായി വന്നതിനു പിന്നാലെ നാലു സർക്കാർ ഉദ്യോഗസ്ഥരെയാണ് കൈക്കൂലിക്കേസിൽ പിടികൂടുന്നത്. കഴിഞ്ഞ മെയ് 25 ന് കോട്ടയം നഗരസഭയിലെ സീനിയർ ക്ലർക്ക് എം.ടി പ്രമോദിനെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ആദ്യം പിടികൂടിയത്. തുടർന്ന് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർ യു.സി അബുദുള്ളയെ പിന്നീട് പിടികൂടി. കോട്ടയം നഗരസഭയിലെ എൻജിനീയറായ എം.പി ഡെയ്‌സിയാണ് പിന്നീട് വിജിലൻസിന്റെ പിടിയിലായത്. ഏറ്റവും ഒടുവിലായാണ് ചങ്ങനാശേരിയിലെ കൃഷി ഓഫിസറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
ഇവർ ഇതുവരെ കൈക്കൂലി വാങ്ങി സമ്പാദിച്ച് കൂട്ടിയ സ്വത്തിന്റെ വിവരം അടക്കമുള്ളവ വിജിലൻസ് സംഘം ഇനി പരിശോധിക്കും. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ ഇവരുടെ വീട്ടിലും താമസ സ്ഥലത്തും വിജിലൻസ് സംഘം പരിശോധന നടത്തും.