രാഹുൽ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ്: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ല: രാഹുലിനെ പാലക്കാട്ട് എത്തിക്കാനും നീക്കം’

Spread the love

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സിപിഎമ്മിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന്റെ നീക്കം.
രാഹുലിനെ പ്രതിരോധിക്കാതെ തനിയെ വിട്ടാല്‍ അത് കോണ്‍ഗ്രസിന് തന്നെ തിരിച്ചടിയാകുമെന്ന നിഗമനത്തിലാണ് കോണ്‍ഗ്രസ് മറ്റു മാര്‍ഗ്ഗങ്ങള്‍ തേടുന്നത്.

സിപിഎമ്മിന്റെയും ബിജെപിയുടെയും കടന്നാക്രമണങ്ങളെ പ്രതിരോധിക്കുകയാണ് നല്ലതെന്ന വികാരം ഒരു വിഭാഗം കോണ്‍ഗ്രസുകാരില്‍ ശക്തമാണ്. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ചുവടു പിടിച്ച്‌ രാഹുലിനെ പാലക്കാട് മണ്ഡലത്തില്‍ എത്തിക്കാനും ശ്രമം ശക്തമാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പേരിലുണ്ടായ വിവാദങ്ങള്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നാണ് കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് ഇന്ന് വ്യക്തമാക്കിയത്. എന്നാല്‍, അത് പറയാന്‍ തങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കേണ്ടതില്ലെന്നും അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച്‌ പൊതുവില്‍ നല്ല അഭിപ്രായമാണ്. സംഘടനാ ശക്തിയോടൊപ്പംതന്നെ നേതൃമികവും വ്യക്തതയും കോണ്‍ഗ്രസിന്റെ മുതല്‍ക്കൂട്ടായിരുന്നു. രാഹുലിനെതിരായ ആക്ഷേപം വന്നതോടെ അതിന്റേതായ ക്ഷീണമുണ്ട്. എന്നാല്‍, ഇത് പറയാന്‍ ഇന്നത്തെ ഞങ്ങളെ എതിര്‍ക്കുന്ന ഒരു പാര്‍ട്ടിക്കും ധാര്‍മികമായോ നിയമപരമായോ അവകാശമില്ല എന്ന യാഥാര്‍ഥ്യം ബാക്കിനില്‍ക്കുന്നു.

എംഎല്‍എ സ്ഥാനമെന്നത് ജനങ്ങള്‍ നല്‍കുന്നതാണ്. നമുക്ക് അങ്ങനെയൊരു കീഴ് വഴക്കമില്ല. കാരണം ഇത്തരം കേസുകളില്‍പ്പെട്ടിട്ടുള്ള എംഎല്‍എമാര്‍ നിലവില്‍ നിയമസഭയിലുണ്ട്. നിയമവ്യവസ്ഥ പരിശോധിച്ചാല്‍ ഇതിനെക്കാള്‍ ഗുരുതരമായ ബലാത്സംഗക്കേസുകളില്‍ പ്രതികളായിട്ടുള്ള എംഎല്‍എമാര്‍ നിയമസഭയിലുണ്ട്. അവരാരും രാജിവെച്ചിട്ടില്ല. കായുള്ള മരത്തിലാണ് കല്ലെറിയുക. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയരുന്ന ആക്ഷേപത്തിന് പിന്നിലെ കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സിപിഎമ്മിന്റെയും ബിജെപിയുടെയും പ്രതിഷേധങ്ങളെ മറികടന്ന് രാഹുലിനെ പാലക്കാട്ടെത്തിച്ച്‌ ഓണാഘോഷങ്ങളില്‍ പങ്കെടുപ്പിക്കാനുള്ള പദ്ധതിയിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ദീര്‍ഘനാള്‍ മണ്ഡലത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാവുമെന്ന കണക്കുകൂട്ടലിലാണ് തിരക്കിട്ട ശ്രമം. അതേസമയം, ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഈ നീക്കങ്ങളോട് വിയോജിപ്പുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷം അടൂരിലെ വീട്ടില്‍ തുടരുകയാണ് രാഹുല്‍.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ സമ്മതിക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്.

രാഹുല്‍ വന്നാല്‍ ശക്തമായ സമരം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി കൃഷ്ണകുമാര്‍ വ്യക്തമാക്കി. എംഎല്‍എയെന്ന നിലയില്‍ ക്ലബ്ബിന്റെയോ റെസിഡന്‍സ് അസോസിയേഷന്റെയോ പരിപാടികളില്‍ പങ്കെടുത്താലും തടയും. രാഹുലിനെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുന്ന സംഘാടകര്‍ പ്രതിഷേധം കണക്കിലെടുക്കണമെന്നും ബിജെപി വ്യക്തമാക്കി.

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിനകത്തെ അനാഥ പ്രേതമെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. കോണ്‍ഗ്രസിന് പോലും വേണ്ടാത്ത സന്ദീപിന്റെ ആരോപങ്ങള്‍ക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. തെരഞ്ഞെടുപ്പ് കാലത്ത് സമര്‍പ്പിച്ച വിവരങ്ങള്‍ 100 ശതമാനം ശരിയാണ്. കോണ്‍ഗ്രസിനുള്ളില്‍ താഴാതിരിക്കാന്‍ സന്ദീപ് മുങ്ങി കൈകാലിട്ട് അടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎല്‍എ ഓഫീസിലേക്ക് നടന്ന ബിജെപി പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി. അതേസമയം, യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് മുന്‍സംസ്ഥാന അധ്യക്ഷനായ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചെന്ന കേസിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.