
തിരുവനന്തപുരം: അശ്ലീല സന്ദേശ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത കാര്യം നിയമസഭ സ്പീക്കറെ അറിയിക്കും.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി സ്വതന്ത്ര എംഎല്‍എയായി മാറും. നിയമസഭാ സമ്മേളനത്തില്‍ യുഡിഎഫ് ബ്ലോക്കില്‍ നിന്നും ഒഴിവാക്കണമെന്ന് സ്പീക്കറോട് നേതാക്കള്‍ ആവശ്യപ്പെടും. പാര്‍ട്ടിയില്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും രാഹുലിന് എംഎല്‍എയായി തുടരാം.
സെപ്റ്റംബര്‍ 15ന് നിയമസഭ സമ്മേളനം ആരംഭിക്കുമ്പോള്‍ രാഹുല്‍ ഇരിക്കുക പ്രത്യേക ബ്ലോക്കിലായിരിക്കും. എന്നാല്‍ രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധ്യത കുറവാണ്. അവധിയെടുക്കാനാണ് നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആറ് മാസത്തേക്കാണ് രാഹുലിന്റെ സസപെന്‍ഷന്‍ നടപടികള്‍. യുവ നടി റിനി ആന്‍ ജോര്‍ജ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. രാഹുലിന്റെ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകളും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ രാഹുലിന്റെ രാജിക്കായി സമ്മര്‍ദം ഉയര്‍ന്നിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപിയും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു. എന്നാല്‍ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് വിവദങ്ങളില്‍ നിന്ന് തടിയൂരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കേസോ പരാതിയോ ഇല്ലാത്തതിനാല്‍ രാജി ചോദിക്കാന്‍ കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് നടന്ന നേതാക്കളുടെ ചര്‍ച്ചയിലാണ് രാഹുലിന്റെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം രാഹുലിനെതിരെ ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നത്. പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുല്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാനാണ് നീക്കം.
രാഹുലിനെ സംബന്ധിച്ച നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനും ലഭിച്ചിരുന്നു. തുടര്‍ന്നു രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായം ഉയര്‍ന്നെങ്കിലും തല്‍ക്കാലം രാജിയില്ലാതെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്ന് രാഹുലും വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി എടുക്കേണ്ട നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണ് ഇപ്പോള്‍. ആദ്യത്തെ ഘട്ടം മാത്രമാണ് സംഭവിച്ചിരിക്കുന്നത്. ആദ്യം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇതോടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും രാഹുലിന് സസ്‌പെന്‍ഷന്‍ ലഭിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.
രാഹുലിനെതിരായി വന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാര്‍ട്ടിയോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ രാഹുല്‍ പരാജയപ്പെട്ടതായാണ് പാര്‍ട്ടി വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളില്‍ കുറച്ചുകാലമായി രാഹുലിനെ കേന്ദ്രീകരിച്ചു വ്യക്തിപരമായ ആക്ഷേപങ്ങള്‍ സജീവമായിരുന്നു. നടിയുടെ വെളിപ്പെടുത്തലിനൊപ്പം യുവതിയോടു ഗര്‍ഭഛിദ്രം നടത്താന്‍ ആവശ്യപ്പെടുന്ന ശബ്ദസംഭാഷണം കൂടി രാഹുലിന്റേതെന്ന പേരില്‍ പ്രചരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിലായി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരായ പരാതികളില്‍ വീട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പെരിയനാട് മണ്ഡലം പ്രസിഡന്റായാണ് രാഹുല്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. കെഎസ്യുവില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 2017ല്‍ കെഎസ് യു പത്തനംതിട്ട ജില്ലാ പ്രസിഡന്റായി. തുടര്‍ന്ന് കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍എസ് യു ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചശേഷമാണു സംസ്ഥാന അധ്യക്ഷനായത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തി. പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്ന രാഹുലിന്റെ വീഴ്ച്ച കോണ്‍ഗ്രസിന് വലിയ ആഘാതമാണ്