
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും തുലാസിൽ. രാഹുൽ ഒഴിയണമെന്ന ആവശ്യത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കെ. മുരളീധരനും അടൂർ പ്രകാശുമടക്കം ഒരേ നിലപാടിലാണ്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയവരുടെ അഭിപ്രായവും സമാനം.
എന്നാൽ രാജിക്ക് വഴങ്ങാതെ, പാർട്ടി തന്നെയും കേൾക്കണമെന്ന നിലപാടിലാണ് രാഹുൽ. വിഷയം കേരള നേതൃത്വം എ.ഐ.സി.സിയിലേക്കും, അവിടെ നിന്ന് തിരിച്ചും പന്തു തട്ടുകയാണ്. മുതിർന്ന നേതാക്കളുമായി ആലോചിച്ച് യുക്തമായ തീരുമാനമെടുത്ത് അറിയിക്കാനാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇതേത്തുടർന്ന് തിരക്കിട്ട ചർച്ചകളിലാണ് സണ്ണി ജോസഫ്.
ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം നേതൃത്വം ഇടപെട്ട് തടഞ്ഞെങ്കിലും, ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ രാഹുൽ മാദ്ധ്യമങ്ങളെ കണ്ടു. ട്രാൻസ്ജെൻഡർ വനിതയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചടിച്ചു. അതോടെ എം.എൽ.എയുടെ കാറിൽ പുറത്തിറങ്ങിയ രാഹുൽ തിരുവനന്തപുരത്തേക്കെന്ന വാർത്ത വന്നു. പക്ഷേ അരമണിക്കൂറിനകം നഗരം ചുറ്റി തിരിച്ച് വീട്ടിലേക്ക് മടങ്ങിയത് എല്ലാ വാതിലുകളും അടഞ്ഞതിന്റെ സൂചനയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group