സിപിഎമ്മിന്റെ കണ്ണിലെ കരടായ രാഹുല്‍ ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരിയായി മാത്രമല്ല, സമരതീക്ഷ്ണമായ ഭൂതകാലവും, ജയില്‍ വാസവുമൊക്കെയായി വാര്‍ത്തകളില്‍ ഇടം പിടിച്ച നേതാവ്

Spread the love

തിരുവനന്തപുരം: ‘രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇപ്പോഴത്തെ കാര്യങ്ങൾ വ്യക്തമാകുമ്പോൾ ഓർമ വരുന്നത് സന്ദശേം സിനിമയിലെ ഒരു പൊളിറ്റിക്കൽ ഡയലോഗാണ്.
എതിര്‍പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ കൂട്ടത്തില്‍ കൊള്ളാവുന്ന ചെറുപ്പക്കാര്‍ ഉയര്‍ന്നു വരുന്നുണ്ട്.
ആളുകള്‍ക്ക് അവരോട് വല്യ മതിപ്പാണ്. ആ മതിപ്പ് പൊളിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണുകെസിലോ ഗര്‍ഭ കേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത്. ജനങ്ങള്‍ അവരെ കാര്‍ക്കിച്ചു തുപ്പുന്ന പരിതസ്ഥിതിയില്‍ എത്തിച്ചാല്‍ നമ്മള്‍ ജയിച്ചു”- എന്ന സന്ദേശം സിനിമയിലെ ശങ്കരാടിയുടെ കുമാരപ്പിള്ള സാറിന്റെ പ്രശസ്തമായ പാര്‍ട്ടി ക്ലാസ് ഓര്‍മയില്ലേ? രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിലെ തിളങ്ങുന്ന താരമായപ്പോള്‍, എതിരാളികളുടെ വിമര്‍ശനങ്ങളുടെ നാവടപ്പിക്കാന്‍, ഇക്കഥ പലരും പ്രയോഗിച്ചിരുന്നു. എന്നാല്‍, രാഹുലിന്റെ കാര്യത്തില്‍, ഗര്‍ഭ കേസ് തലയ്ക്ക് മുകളിലെ വാളായി മാറുകയായിരുന്നു.

video
play-sharp-fill

യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ രാഹുല്‍ ഹൈക്കോടതിയെ സമീപിക്കുമെങ്കിലും, പാര്‍ട്ടി പുറത്താക്കിയതോടെ നേതാവില്‍ അവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് രാഹുലിന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വലിയ തിരിച്ചടിയാണ്.

‘ഒന്ന് തൊടുക്കുമ്ബോള്‍ പത്ത്, കൊള്ളുമ്ബോള്‍ ആയിരം’ എന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയുന്ന, ഫയര്‍ബ്രാന്‍ഡ് മുഖമായ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ചപ്പോള്‍, അദ്ദേഹത്തിന് വ്യക്തിപരമായി മാത്രമല്ല, അത് പ്രസ്ഥാനത്തിന് കൂടി വലിയ ക്ഷീണമാണ് വരുത്തി വച്ചത്. എതിരാളികളുടെ വിശേഷിച്ച്‌ സിപിഎമ്മിന്റെ കണ്ണിലെ കരടായ രാഹുല്‍ ചാനല്‍ ചര്‍ച്ചകളിലെ തീപ്പൊരിയായി മാത്രമല്ല, സമരതീക്ഷ്ണമായ ഭൂതകാലവും, ജയില്‍ വാസവുമൊക്കെയായി വാര്‍ത്തകളില്‍ ഇടം പിടിച്ച നേതാവാണ്. ആദ്യം യുവനടിയുടെ ആരോപണത്തിന്റെയും മറ്റു വെളിപ്പെടുത്തലുകളുടെയും പേരില്‍ യൂത്ത് കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഒഴിഞ്ഞു. ഇപ്പോള്‍, ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയും പാര്‍ട്ടി പുറത്താക്കുകയും ചെയ്തതോടെ എംഎല്‍എ സ്ഥാനം കൂടി ഒഴിയാന്‍ മുറവിളികള്‍ ശക്തമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂക്കാതെ പഴുത്ത നേതാവോ?
കോണ്‍ഗ്രസിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, അര്‍ധരാത്രി വീടുവളഞ്ഞ്, അമ്മയുടെ മുന്നിലിട്ട് അറസ്റ്റ് ചെയ്യുന്നതും, ജാമ്യം കിട്ടാത്ത വകുപ്പുകള്‍ ചുമത്തി ജയിലാക്കുന്നതും. രാഹുല്‍ എന്ന നാക്കില്‍ തീപ്പന്തം നിറച്ച, ഉരുളക്ക് ഉപ്പേരിപോലെ മറുപടിപറഞ്ഞ് ചര്‍ച്ചകളില്‍ സിപിഎം നേതാക്കളെ ഇളിഭ്യരാക്കുന്ന യുവനേതാവ് അക്ഷോഭ്യനായി ജയിലില്‍ പോയി അവിടുത്തെ ലൈബ്രറിയിലും മറ്റും വായനയുമായി കൂടി പേരെടുത്തു.

ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിനെ പുഷ്പ വൃഷ്ടിയും വെടിക്കെട്ടുമായാണ് ജയിലിന് മുന്നില്‍ പ്രവര്‍ത്തകര്‍ വരവേറ്റത്. ജയില്‍മോചിതനായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമാണ് രാഹുല്‍ നടത്തിയത്. കിരീടം താഴെ വെക്കണമെന്നും ജനങ്ങള്‍ പിന്നാലെയുണ്ടെന്നും ‘കേരളത്തിന്റെ രാജാവ്’ ഓര്‍ക്കണമെന്നും പിണറായി വിജയന്റെ പേരെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

കേരളം ഏറ്റവും ശ്രദ്ധിക്കുന്ന, യുവനേതാവായി രാഹുല്‍ മാറിയ സാഹചര്യത്തിലാണ് ആരോപണങ്ങള്‍ അദ്ദേഹത്തെ പിടികൂടുന്നത്. മൂക്കാതെ പഴുത്ത നേതാവ് എന്ന രീതിയില്‍ വക്തിഹത്യ ചെയ്യാന്‍ സിപിഎം ഒരുമടിയും കാണിക്കാതിരുന്നത് രാഹുല്‍ ഉയര്‍ത്തിയ ഭീഷണി മുന്നില്‍ കണ്ടാണ്. ഗ്രാസ് റൂട്ടില്‍ വര്‍ക്ക് ചെയ്ത് പടിപടിയായി ഉയര്‍ന്ന് രാഹുലിന്റെ രാഷ്ട്രീയ ജീവിതത്തെ തകര്‍ക്കുന്ന രീതിയിലായിരുന്നു യുവതികളുടെ ആരോപണ പെരുമഴ.

അച്ഛന്റെ ഖദറിട്ട് തുടങ്ങിയ പ്രവര്‍ത്തനം
1989 നവംബര്‍ 12ന് പത്തനംതിട്ട അടൂരിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജനിച്ചത്. ആറാം വയസ്സില്‍ പിതാവ് നഷ്ടപ്പെട്ട രാഹുലിനെ വളര്‍ത്തിയത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അമ്മ ബീനയാണ്. അച്ഛനും ഉദ്യോഗസ്ഥന്‍ ആയിരുന്നെങ്കിലും ഖദറിട്ട് നടക്കുന്ന, നാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. മാങ്കൂട്ടത്തില്‍ എന്നത് ശരിക്കും അദ്ദേഹത്തിന്റെ വീട്ടുപേരാണ്. എന്നാല്‍ എതിരാളികള്‍ പലപ്പോഴും അത് വ്യാജപ്പേരാണെന്ന് പറഞ്ഞ് ട്രോളാന്‍ ഉപയോഗിക്കാറുണ്ട്. രാഹുലിന്റെ വീടിന് പത്തുകിലോമീറ്റര്‍ അടുത്ത് മാങ്കൂട്ടത്തില്‍ എന്ന ഒരു സ്ഥലവും ഉണ്ട്. അവിടെയുള്ള ഒരു ബംഗ്ലാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടാണെന്ന് പറഞ്ഞും എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു.

വളരെ ചെറുപ്പത്തില്‍ തന്നെ കെഎസ് യു പ്രവര്‍ത്തകനായി. അവിടെനിന്ന് പടിപടിയായി കയറിയാണ്, ഇന്ന് കാണുന്ന നിലയിലെത്തിയത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍.എസ്.യു.ഐ ദേശീയ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികളിലുടെ ഘട്ടംഘട്ടമായി കടന്നാണ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയത്. കെഎസ്യു തോല്‍ക്കുന്ന സമയത്താണ് രാഹുല്‍ സര്‍വകലാശാലയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായാണ് നാട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് കെപിസിസി അംഗവും 2023 യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റുമായി.

ചാനല്‍ ചര്‍ച്ചകളിലൂടെ താരമായി
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവനേതാവിന് കേരളം മുഴുവന്‍ ഫാന്‍സിനെ ഉണ്ടാക്കി തീര്‍ത്തത് ചാനല്‍ ചര്‍ച്ചകളാണ്. കടിച്ചുകീറുന്ന സ്വഭാവത്തില്‍ പ്രതികരിക്കുന്ന സിപിഎം നേതാക്കളെ, നിറപുഞ്ചിരിയോടെ നേരിട്ട് കുറിക്കുകൊള്ളുന്ന അടി മര്‍മ്മത്തില്‍ കൊടുക്കുന്ന യുവാവിനെ വളരെ പെട്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, കോണ്‍ഗ്രസിന്റെ പ്രമുഖരായ ഡിബേറ്റര്‍മാര്‍ സ്ഥാനാര്‍ത്ഥികളായി തിരിക്കിലായപ്പോള്‍ പാര്‍ട്ടിയുടെ മുഖമായി ചാനലുകളില്‍ നിറഞ്ഞത് ഈ യുവാവാണ്. തഗ്ഗ് മറുപടികളും ട്രോളുകളുമായി അയാള്‍ പൊളിച്ചടുക്കി. അക്കാലത്ത് സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി രാഹുലിന്റെ ഒരു ചാനല്‍ ചര്‍ച്ച നിന്ന് കാണുന്ന ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

കെ റെയില്‍ വിവാദം കൊടുമ്ബിരികൊള്ളമ്ബോള്‍ മനോരമ ന്യൂസ് സംഘടിപ്പിച്ച ഒരു ചര്‍ച്ചയാണ്, രാഹുലിന് വലിയ രീതിയില്‍ അംഗീകാരം നേടിക്കൊടുത്തത്. ‘കെ റെയില്‍ ജംഗ്ഷന്‍’ എന്ന പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. രാഹുലിനെ കൂടാതെ ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി. തോമസ്, ബിജെപി നേതാവ് ലിജിന്‍ലാല്‍, സമരസമര സമിതി നേതാവ് മിനി കെ. ഫിലിപ്പ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഒപ്പം നാട്ടുകാരും വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും സദസ്സിലുണ്ടായിരുന്നു.

കെ റെയിലിനെ അനുകൂലിച്ച്‌ പോണ്ടിച്ചേരി സര്‍വകലാശാലയിലെ ഒരു എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥിനി പറഞ്ഞതിനെ രാഹുല്‍ പൊളിച്ചടുക്കിയതോടെയാണ് ബഹളം ഉണ്ടായത്. പഠനത്തിന്റെ ഭാഗമായി എറണാകുളത്തുനിന്ന് കോട്ടയം വരെയും തിരിച്ചും ദിവസം 5 മണിക്കൂര്‍ യാത്ര ചെയ്യുന്നുണ്ടെന്നും എറണാകുളത്ത് വീട് വാടകക്കെടുത്ത് നില്‍ക്കാന്‍ പണമില്ലെന്നുമായിരുന്നു വിദ്യാര്‍ത്ഥിനി പറഞ്ഞത്. സില്‍വര്‍ലൈന്‍ വന്നാല്‍ ദിവസവും വീട്ടില്‍ പോയി വരാം എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍, ഈ ചോദ്യത്തിന് രാഹുല്‍ കണക്ക് നിരത്തി മറുപടി പറഞ്ഞു.-‘ഈ പദ്ധതി സര്‍ക്കാര്‍ നിശ്ചയിച്ചതു പ്രകാരമാണെങ്കില്‍ 64,000 കോടിയാണ് ചെലവ്. അപ്പോള്‍ പദ്ധതി ബാധിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാന്‍ സാധിക്കില്ല. നഷ്ടപരിഹാരം കൊടുത്താല്‍ പദ്ധതിയുടെ ചെലവ് രണ്ട് ലക്ഷം കോടി രൂപ. അങ്ങനെയെങ്കില്‍ ഒരു കിലോമീറ്ററിന് വെറും പത്തു രൂപ. 60 കിലോമീറ്റര്‍ യാത്ര ചെയ്യണമെങ്കില്‍ 600 രൂപ. തിരിച്ചു യാത്ര ചെയ്യണമെങ്കില്‍ 600 രൂപ. മൊത്തം ഒരു 1200 രൂപ. 24,000 രൂപ മുടക്കി കെ റെയിലില്‍ യാത്ര ചെയ്യുന്നതിനേക്കാള്‍ നല്ലത് 5,000 രൂപയ്ക്ക് ഹോസ്റ്റല്‍ കിട്ടും. അത് എസ്‌എഫ്‌ഐ അറേഞ്ച് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അറേഞ്ച് ചെയ്യാം.’ -എന്നായിരുന്നു രാഹുലിന്റെ മറുപടി.
ഇതോടെ ഉത്തരംമുട്ടിയ സിപിഎമ്മുകാര്‍ ആകെ അസ്വസ്ഥരായി. അവര്‍ രാഹുലിന് നേരെ കൊലവിളിയുമായി തിരിഞ്ഞു. ചിലര്‍ ‘ഇറങ്ങിവന്നാല്‍ കാണിച്ച്‌ തരാമെന്ന്’ വെല്ലുവിളിച്ചത്. പിന്നാലെ, രാഹുല്‍ വേദിയില്‍ നിന്ന് ഇറങ്ങി, ഭീഷണി മുഴക്കിയ സംഘത്തിനടുത്തേക്ക് നെഞ്ചുവിരിച്ച്‌ നില്‍ക്കയായിരുന്നു. ഇതോടെ വെല്ലുവിളിച്ചവര്‍ നിശ്ശബ്ദരായി. സംഭവം വൈറലായതോടെയാണ് സോഷ്യമീഡിയ സെലിബ്രിറ്റിയായി രാഹുല്‍ വളര്‍ന്നത്.

അനില്‍ കുമാറിന്റെ കള്ളം പൊളിച്ചു
ചാണ്ടി ഉമ്മന്‍ എംഎല്‍എക്ക് ആര്‍എസ്‌എസ് ബന്ധമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിനെ, രാഹുല്‍ വെല്ലുവിളിച്ചത് സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. തിരുവനന്തപുരത്ത് ബിജെപി വനിതാ കൗണ്‍സിലറുടെ ചിത്രത്തിനൊപ്പമുള്ള ചാണ്ടി ഉമ്മന്റെ ചിത്രം പ്രചരിപ്പിച്ചു കൊണ്ടായിരുന്നു കെ അനില്‍കുമാര്‍ അപവാദ പ്രചരണം തുടങ്ങിയത്. എന്നാല്‍ ഇത് ക്രോപ്പ്ഡ് ഫോട്ടോയാണെന്നും ശുദ്ധ അസംബന്ധമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

ചാണ്ടി ഉമ്മന്‍ ക്ഷേത്രച്ചടങ്ങില്‍ പങ്കെടുക്കുന്ന ഭാഗം ഒഴിവാക്കി, ക്ഷേത്രനടയില്‍ ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ആശാനാഥിന് ഒപ്പം നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചായിരുന്നു അനില്‍കുമാറിന്റെ പോസ്റ്റ്. എന്നാല്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്തംഗവും സിപിഎം നേതാവുമായ സൂര്യ എസ്.പ്രേമും തൊട്ടടുത്തുണ്ടായിരുന്നു. ഇവരെ മുറിച്ചുമാറ്റിയാണ് അനില്‍കുമാര്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഈ കള്ളം പൊളിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റിട്ടത്. എന്നിട്ടു പിന്മാറാതെ അനില്‍കുമാര്‍ നുണപ്രചരണം തുടരുമ്ബോള്‍ അതിനും മറുപടിയുമായി രാഹുല്‍ രംഗത്തെത്തി.

‘കള്ളം പിടിക്കപ്പെട്ട ജാള്യതയില്‍ പലരും അതില്‍ നിന്നും പിന്‍വാങ്ങിയിട്ടും അനില്‍കുമാര്‍ പിന്‍വാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപ്പിച്ച ചിത്രത്തില്‍ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാന്‍ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കള്‍ ഡോക്ടറെ കണ്ട് കണ്ണടയുടെ പവര്‍ മാറ്റാന്‍ സ്‌നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂര്‍ണ്ണാരോഗ്യം ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ആവശ്യമാണ്”-രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാര്‍ത്തയും ഞാന്‍ പങ്ക് വെക്കുന്നു. ഞാന്‍ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാല്‍ ഏറ്റുമാനൂര്‍ ജംഗ്ഷനില്‍ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാന്‍ പരസ്യമായി മാപ്പ് പറയും….തിരിച്ച്‌ തെളിയിക്കാന്‍ പറ്റിയില്ല എങ്കില്‍ 1000 രൂപ വേണ്ട മാപ്പ് പറയാന്‍ അങ്ങ് തയ്യാറുണ്ടോ? ”- രാഹുല്‍ ചോദിച്ചു. കള്ളിവെളിച്ചത്തായതോടെ ഈ വിവാദത്തില്‍ നിന്ന് അനില്‍കുമാര്‍ സ്‌കൂട്ടാവുകയായിരുന്നു. ഇതുപോലെ സിപിഎം നേതാക്കള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്ന എത്രയോ വാര്‍ത്തകള്‍ പൊളിച്ചടുക്കിയ രാഹുല്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുകയാണ്.