
തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ള കേസുകള്‍ ദുർബലമെന്ന വിലയിരുത്തലില്‍ ക്രൈം ബ്രാഞ്ച്.
ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് തെളിവുകള്‍ ശേഖരിക്കുകയാണ്. 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകള്‍ ശേഖരിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം.
തെളിവ് ശേഖരണത്തിൻ്റെ ഭാഗമായാണ് ഗർഭചിദ്രം നടത്തി എന്നു പറയുന്ന ബെംഗളൂരിലെ ആശുപത്രിയിലേക്ക് ക്രൈം ബ്രാഞ്ച് സംഘം പോകുന്നത്. ഇവിടെ നിന്നും തെളിവുകള്‍ ശേഖരിച്ചാല്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാനാകുമെന്നാണ് വിലയിരുത്തല്‍. അല്ലാത്തപക്ഷം മൂന്നാം കക്ഷികള്‍ നല്‍കിയിരിക്കുന്ന പരാതികളില്‍ കേസുമായി മുന്നോട്ടു പോകാൻ ആകാത്ത സാഹചര്യമുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം വിലയിരുത്തുന്നുണ്ട്. ഈ മാസം 15ന് ചേരുന്ന നിയമസഭാ സമ്മേളനത്തിന് മുൻപ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് ക്രൈം ബ്രാഞ്ച് നീക്കം.
അതേസമയം പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും രാഹുല്‍ മങ്കൂട്ടത്തിലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നുള്ള നിലപാടിലാണ് എ ഗ്രൂപ്പ്. മണ്ഡലത്തില്‍ സജീവമാക്കണമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ പാർട്ടിക്ക് ഒറ്റ നിലപാടെ ഉള്ളൂ എന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ അത് പാർട്ടിക്ക് മുഴുവൻ ഏല്‍ക്കുന്ന തിരിച്ചടിയാകും എന്നുമാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല പക്ഷക്കാരുടെ നിലപാട്.
വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്ന് നിലപാടും വി.ഡി. സതീശൻ ആവർത്തിച്ചു. രാഹുല്‍ അനുകൂല സൈബർ ഇടങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ പാർട്ടിക്ക് ഉണ്ടാക്കുന്ന ക്ഷീണം കണ്ടില്ലെന്ന് നടിക്കരുതെന്നും വി.ഡി. സതീശൻ പക്ഷം ഓർമിപ്പിക്കുന്നുണ്ട്.. അതേസമയം എ ഗ്രൂപ്പിന്റെ നിലപാടിനോട് യോജിക്കുകയാണ് യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും കെപിസിസി നേതൃത്വവും.