‘അർലേക്കറിന് പുട്ടും കടലയും കൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്ത് തിടുക്കമായിരുന്നു? ഗവർണർക്കെതിരെ സമരങ്ങൾ നടക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

Spread the love

കൊച്ചി: ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. 2018 മുതൽ ഇതുവരെ സർക്കാർ മേഖലയിലെ ആശുപത്രിയിലാണോ നിപ പ്രതിരോധം നടന്നതെന്നും 2018 മുതൽ ഇതുവരെ ഏഴു തവണ നിപ റിപ്പോർട്ട് ചെയ്ത സംഭവങ്ങളിലും രോഗം സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രികളിലാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ. സർക്കാർ വീഴ്ചകൾ വാഴ്ചകൾക്കുള്ള അവസരമാക്കുന്നു. എങ്ങനെ നിപ പകരുന്നു എന്ന് ഇത് വരെ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞോ? ഇതിനുള്ള പഠനമെങ്കിലും സർക്കാർ നടത്തിയോ? കേരളം പോലെ നിപ പടരുന്ന ബംഗ്ലാദേശ് പോലും എങ്ങിനെ രോഗം പടരുന്നുവെന്ന് കണ്ടെത്തി. കേരളത്തിന് അത് കഴിഞ്ഞിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

നിപ പോലെ രോഗങ്ങൾ വരുമ്പോൾ സ്ഥിരം ഐസൊലേഷൻ വാർഡുകൾ മലബാറിലെ ആശുപത്രികളിൽ സ്ഥാപിക്കും എന്ന് ഷൈലജ ടീച്ചർ 2018 ൽ പറഞ്ഞിരുന്നു. എവിടെയെങ്കിലും ഇത് സ്ഥാപിച്ചോ? പൂനയ്ക്ക് സമാനമായ സൗകര്യങ്ങൾ തോന്നയ്ക്കലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഏർപ്പെടുത്തുമെന്ന് പറഞ്ഞിട്ട് എന്തായി? മികച്ച ഡോക്ടർമാർ സർക്കാർ മേഖലയിൽ ഉണ്ടെങ്കിലും അവർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാരിനു കഴിയുന്നില്ല. 2018 ൽ ഹെൽത്ത് സെക്രട്ടറി രാജീവ് സദാനന്ദൻ നൽകിയ റിപ്പോർട്ട് പ്രകാരം 17 നിപ ബാധിതർ മരിച്ചു. 2018 മുതൽ 2025 വരെ നിപ സ്ഥിരീകരിച്ച 32 പേരിൽ 24 പേരും മരിച്ചു. എന്നിട്ടും മരണനിരക്ക് 30 ശതമാനമെന്ന് മന്ത്രി പറയുന്നതിന് കാരണമെന്താണ്? ആരോഗ്യ വകുപ്പിൻ്റെ “ഫാൾസ് വാനിറ്റി” ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞു.

അർലേക്കറിന് പുട്ടും കടലയും കൊടുക്കാൻ മുഖ്യമന്ത്രിക്ക് എന്ത് തിടുക്കമായിരുന്നു, അർലേക്കർ മറിച്ചെന്തെങ്കിലും ചെയ്യുമെന്ന് മുഖ്യമന്ത്രി കരുതിയിരുന്നോയെന്നും വിമർശനം. എസ്എഫ്ഐ സമരത്തിൻ്റെ ടോം ആൻഡ് ജെറി ഷോയെ കുറിച്ച് താൻ ഒന്നും പറയുന്നില്ല. ഈ സമരം ചെയ്യുന്നവരാണ് മറുവശത്ത് ഞങ്ങളുടെ സമരം തടയുമെന്ന് പറയുന്നത്. ഗവർണർക്കെതിരെ സമരങ്ങൾ നടക്കണം എന്നു തന്നെയാണ് തൻ്റെ നിലപാട്. പാലക്കാട് നിപ അവലോകനത്തിൽ യു ഡി എഫ് ജനപ്രതിനിധികളെ ഒഴിവാക്കാൻ വേണ്ടി എല്ലാ ജനപ്രതിനിധികളെയും വിളിക്കാതിരുന്നു. ഒളിച്ചും പാത്തും ഉദ്ഘാടനങ്ങൾക്കും യോഗങ്ങൾക്കും മന്ത്രി പോയിട്ട് വെല്ലുവിളി നടത്തുകയാണെന്നും രാഹുൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് ഫണ്ടിൽ പിരിച്ച പണം സർക്കാരിന് നൽകില്ല. ആ പണം കെപിസിസിക്ക് കൈമാറി വീട് നിർമാണം പൂർത്തിയാക്കും. ഈ മാസം അവസാനം രാഹുൽ ഗാന്ധിയുടെ കൂടി സാന്നിധ്യത്തിൽ കെപിസിസി വീട് നിർമ്മാണത്തിൻ്റെ തറക്കല്ലിടീൽ തുടങ്ങാനാണ് ആലോചിക്കുന്നത്. മുഖ്യമന്ത്രിക്കും റിയാസിനുമാണ് ഭൂമി ആവശ്യപ്പെട്ട് കത്ത് നൽകിയത്. യൂത്ത് കോൺഗ്രസിന് സ്ഥലം തരാനുള്ള നിയമപരമായ ബാധ്യത സർക്കാരിനില്ല. അതുകൊണ്ട് തന്നെ ഭൂമി സർക്കാർ തന്നില്ല എന്ന പരാതി ഞങ്ങൾക്കില്ല. യൂത്ത് കോൺഗ്രസ് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ ഈ സ്ഥലം ദുരന്ത ഭൂമിയിൽ നിന്ന് ഏറെ അകലെ ആയതിനാൽ അത് വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത് സി പി എം നേതാവ് അരുൺ കുമാറിൻ്റെ വക്കീൽ ഓഫിസിലെ ജൂനിയർ അഭിഭാഷകയും ലോ കോളേജിലെ മുൻ എസ് എഫ് ഐ നേതാവുമായ ആളാണെന്ന് രാഹുൽ പ്രതികരിച്ചു.

ഫണ്ട് പിരിവിൽ സംശയമുള്ളവർക്ക് അന്വേഷണത്തിന് സർക്കാരിനെ സമീപിക്കാം. സർക്കാർ അന്വേഷണം നടത്തട്ടെ. പണം സമാഹരിച്ച അക്കൗണ്ടിൽ നിന്ന് ഒരു രൂപയെങ്കിലും പിൻവലിച്ചെന്ന് തെളിയിച്ചാൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കാം. 770 കോടി രൂപ പിരിച്ച സർക്കാർ മാതൃകാ വീടിൻ്റെയെങ്കിലും നിർമാണം ഒരു വർഷമായി പൂർത്തീകരിച്ചോ? ഡിവൈഎഫ്ഐ വീട് നിർമാണം പൂർത്തിയാക്കിയെന്ന് ചില മാധ്യമങ്ങൾ പറയുന്നു. ഡിവൈഎഫ്ഐ പൂർത്തിയാക്കിയ വീട്ടിൽ താമസിക്കുന്ന ഗൃഹനാഥൻ്റെ പേര് ഒന്ന് പറഞ്ഞു തരാമോയെന്നും കുറ്റപ്പെടുത്തൽ.