
പത്തനംതിട്ട: യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീട്ടിൽ തുടരുന്നു. പുറത്തേയ്ക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് വിവരം. നേരത്തെ നിശ്ചയിച്ച പൊതുപരിപാടികൾ പുതിയ സാഹചര്യത്തിൽ റദ്ദാക്കി.
പത്തനംതിട്ടയിലെ അടൂർ നെല്ലിമുകളിലുള്ള വീട്ടിലാണ് നിലവിൽ രാഹുലുള്ളത്. മണ്ഡലത്തിലെ പരിപാടികളിലോ മറ്റു പരിപാടികളിലോ പങ്കെടുക്കുന്നില്ല. ഇന്നലെയാണ് പാലക്കാട് നിന്നും കുടുംബവുമായി രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലുള്ള വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളിൽ പങ്കെടുക്കാനാണ് എത്തിയതെങ്കിലും ആരോപണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉയർന്നതോടെ ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാൻ മാത്രമാണ് എത്തിയത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതായി രാഹുൽ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്.
വീടിൻ്റെ മുറ്റത്ത് വരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പ്രതിഷേധവുമായി എത്തിയിരുന്നു. ഇന്നും പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് കണക്കിലെടുത്ത് വീടിന് മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ചിട്ടുണ്ട്. നിലവിൽ പ്രതിഷേധം ഉണ്ടായിട്ടില്ല. അടൂരിൽ ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചില പാർട്ടി പ്രവർത്തകരും സുഹൃത്തുക്കളും നേതാക്കളും മാത്രമാണ് വീട്ടിലെത്തുന്നത്. ഇവരെ പരിശോധിച്ചു കൊണ്ടാണ് പൊലീസ് വീട്ടിലേക്ക് കയറ്റിവിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group