
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാന്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. പകരക്കാരനെ കണ്ടെത്തി രാഹുലിനെ മാറ്റാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത് എന്നാണ സൂചനകള്‍.
അടിയന്തര നടപടി എന്ന നിലയില്‍ പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎല്‍എ സ്ഥാനത്ത് തല്‍ക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാന്‍ ഹൈക്കമാന്റാണ് നിര്‍ദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
രാഹുല്‍ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സില്‍ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചര്‍ച്ച നടക്കുന്നത്. വിഷയത്തില്‍ രാഹുല്‍ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കില്‍ രാഹുല്‍ വിശദീകരിക്കണമെന്നും കൂടുതല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇന്നലെ തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പ്രവാസി എഴുത്തുകാരിയും രാഹുലിന്റെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചതോടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് രാഹുല്‍ മറുപടി പറയണമെന്നും തെറ്റായ ആരോപണമാണ് ഉന്നയിച്ചതെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ കേസ് കൊടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.സ്നേഹ പറഞ്ഞു.
സംഘടനാ ഗ്രൂപ്പിലായിരുന്നു സ്നേഹയുടെ പ്രതികരണം. ‘നിരവധി പെണ്‍കുട്ടികള്‍ ഉള്ള പ്രസ്ഥാനമാണിത്. അദ്ദേഹത്തെ ഒതുക്കാനാണെങ്കിലും വളര്‍ത്താനാണെങ്കിലും ഇതുപോലുള്ള ആരോപണങ്ങള്‍ എപ്പോഴും ചിരിച്ച് തള്ളാനാകില്ല. സംസ്ഥാന അധ്യക്ഷനുനേരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്വാഭാവികമായും ചര്‍ച്ച ചെയ്യണം. തെറ്റ് ചെയ്തിട്ടില്ലെങ്കിലും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസിനുണ്ട്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണവിധേയമായി മാറിനില്‍ക്കേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനും പാര്‍ട്ടിക്കും ഉണ്ടെന്ന് സ്‌നേഹ പറഞ്ഞു.
മറ്റു ചില നേതാക്കളും രാഹുലിനെതിരെ പരസ്യമായി രംഗത്തെത്തി സ്ഥിതിക്ക് നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതരായിരിക്കുകയാണ്. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അടുത്തും പരാതി എത്തിയിട്ടുണ്ട്. അന്വേഷണവിധേയമായി രാഹുലിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്വയം രാജിവെച്ചേക്കുമെന്നാണ് വിവരം.