
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിച്ച് രാഹുല്‍ ഗാന്ധി.ന്യൂനപക്ഷ പീഡനമാണിത്. മതസ്വാതന്ത്ര്യം ഭരണഘടനാവകാശമാണ്.മിണ്ടാതിരിക്കില്ല എന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് വലിയ വിമര്‍ശനമാണ വിഷയത്തില്‍ ഉയര്‍ന്നു വരുന്നത്.
എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇരുസഭകളും നിര്‍ത്തിവെച്ചിരിക്കുകയാണ് നിലവില്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ നിത്യസംഭവവുമായി മാറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഛത്തീസ്ഗഡ് പിസിസി അദ്ധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോസ് കെ മാണി എംപിയും പ്രധാനമന്ത്രിക്ക് കത്ത് നല്‍കി. സഭാ നേതൃത്വം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതിനോടകം ബന്ധപ്പെട്ടിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്ന രണ്ട് മലയാളി കന്യാസ്ത്രീകളെ ദുർഗില്‍ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ചാണ് ബജ്റംഗ്ദള്‍ പ്രവർത്തകർ പരാതി നല്‍കിയത്. ഇരുവരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതിപക്ഷം പറയുന്നത്.കന്യാസ്ത്രീകളെ ബജ്റംഗ് ദള്‍ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യല്‍. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദള്‍ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം. അതേസമയം, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. വിഷയം ഉയർത്തികാട്ടി ബിജെപിക്കും ആർഎസ്‌എസിനും എതിരായുള്ള നീക്കം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.