play-sharp-fill
രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ബന്ദിപൂർ രാത്രി യാത്രയ്ക്ക് പരിഹാരമുണ്ടാകും

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ബന്ദിപൂർ രാത്രി യാത്രയ്ക്ക് പരിഹാരമുണ്ടാകും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലെ ദൈനംദിന ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ഗാന്ധി ആഗസ്റ്റിൽ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. തീയതി തീരുമാനിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും നേരിൽ മനസിലാക്കാനാണ് സന്ദർശനം. ഇന്നലെ ഡൽഹിയിൽ ചേർന്ന കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തു.പാർലമെന്റ് സമ്മേളനം ജൂലായ് അവസാനത്തോടെ അവസാനിച്ച ശേഷം ആഗസ്റ്റിൽ എത്തുന്ന രാഹുൽ നാലു ദിവസമെങ്കിലും മണ്ഡലത്തിൽ തങ്ങുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾ രാഹുലിനു മുന്നിൽ നേതാക്കൾ അവതരിപ്പിച്ചിരുന്നു. ഇതു കേട്ടാണ് കാര്യങ്ങൾ നേരിൽക്കാണാൻ എത്താമെന്ന് രാഹുൽ പറഞ്ഞത്. മുക്കം, കൽപ്പറ്റ എന്നിവിടങ്ങളിൽ രാഹുലിനായി പ്രത്യേക ഓഫീസ് തുറക്കാനും തീരുമാനമായി.മണ്ഡലത്തിലെ യാത്രാ പ്രശ്‌നങ്ങൾ, മൈസൂർ രാത്രിയാത്രാ നിരോധനം, ചുരം ബദൽ റോഡ്, നഞ്ചങ്കോട്- നിലമ്പൂർ റെയിൽപ്പാത, കാർഷിക പ്രശ്‌നങ്ങൾ തുടങ്ങിയവ ഇന്നലത്തെ യോഗത്തിൽ ചർച്ചയായി. മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വയനാട്ടിലെ ബത്തേരി, കൽപ്പറ്റ, മാനന്തവാടി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി അസംബ്‌ളി മണ്ഡലങ്ങളിലെ നേതാക്കളുമായി രാഹുൽ പ്രത്യേകം ചർച്ച നടത്തി.എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ എ.പി. അനിൽ കുമാർ, ഐ.സി. ബാലകൃഷ്ണൻ, പി.കെ. ബഷീർ, ഡി.സി.സി പ്രസിഡന്റുമായ ടി.സിദ്ധിഖ്, വി.വി. പ്രകാശ് എന്നിവരും പി.കെ. ജയലക്ഷ്മി, കെ.സി. റോസക്കുട്ടി എന്നിവരുൾപ്പെടെ ജില്ലാ നേതാക്കളും പങ്കെടുത്തു.