
‘വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല, നേതാക്കള്‍ പക്വത കാണിക്കണം’; നേതൃത്വത്തിനെതിരെ തുറന്നടിച്ച് മാങ്കൂട്ടത്തില്‍
പത്തനംതിട്ട: കോണ്‍ഗ്രസിലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.
യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിർന്ന നേതാക്കള്‍ കാണിക്കണമെന്നും ഞങ്ങള്‍ മിണ്ടാതിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ് പാർട്ടിക്കില്ലാത്തത് കൊണ്ടാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സാധാരണ പ്രവർത്തകന്റെ ആത്മവിശ്വാസം തകർക്കരുതെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. പത്തനംതിട്ടയില്‍ വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ തുടരുന്ന അനിശ്ചിതത്വം നേതൃത്വം ഇടപെട്ട് മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലയോ എന്നതില്‍ വ്യക്തത വരുത്തണം. വരാൻ പോകുന്നത് അങ്കണവാടി തിരഞ്ഞെടുപ്പ് അല്ല. അങ്കണവാടി ക്ലാസ് ലീഡറുടെ തിരഞ്ഞെടുപ്പല്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ഓർക്കണം. യുവ നേതാക്കള്‍ കാണിക്കുന്ന അച്ചടക്കം മുതിർന്ന നേതാക്കളും കാണിക്കണം. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരാൻ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.’- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരായ കാര്യങ്ങള്‍ ചർച്ചയാകണം. ഒരു നേതാക്കളുടെയും പേര് പറയാനില്ല. പാർട്ടി പ്രവർത്തകരുടെ വേദനയാണ് പങ്കുവയ്ക്കുന്നത്. കെ സുധാകരൻ കേരളത്തിലെ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും അദ്ദേഹം കേരളത്തിലെ ഏത് ജംഗ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.