കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരം; ഇപ്പോഴത്തെ വെളിപ്പെടുത്തൽ ബിജെപി ഭിന്നതയിൽ നിന്നുണ്ടായത്; പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയത് കൊടകരയിലെ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: കൊടകര കുഴൽപ്പണ കേസിൽ കെ. സുരേന്ദ്രനെ രക്ഷിക്കാൻ ഇഡിയും കേരള പോലീസും തമ്മിൽ മത്സരമാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ രാഹുൽ ബിജെപി ഓഫീസ് സെക്രട്ടറിയെ നിയന്ത്രിക്കുന്നത് താനാണെന്ന് സുരേന്ദ്രൻ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോയെന്നും ചോദിച്ചു.
ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം. കൊടകരയിലെ സിപിഎം-ബിജെപി ഡീലിന്റെ ഭാഗമായാണ് പാലക്കാട് പാർട്ടി ചിഹ്നത്തെ ഡമ്മി ആക്കിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. എങ്ങനെയെങ്കിലും ബിജെപിക്ക് പത്തു വോട്ട് പിടിച്ചു കൊടുക്കാൻ ആണ് സിപിഎമ്മിന്റെ ശ്രമം. ആറുമാസം മുമ്പ് പൂരം കലക്കി മുരളീധരനെ തോൽപ്പിച്ചവരാണ് സിപിഎം.
മുരളീധരൻ പാലക്കാട് വരുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സിപിഎം ബിജെപി ഡീലിനെ നേരിട്ട് എതിർക്കുന്ന വി എസ് സുനിൽകുമാർ പാലക്കാട് പ്രചാരണത്തിന് വരണം. ധീരജ് വധകേസ് പ്രതികളെ പാലക്കാട് പ്രചാരണത്തിന് കൊണ്ടു വന്നെന്ന ഡിവൈഎഫ്ഐ ആരോപണം വെറും തമാശയാണെന്നും രാഹുൽ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെറും ഫാൻസ് അസോസിയേഷൻ ആയ ഡിവൈഎഫ്ഐ ഇനിയെങ്കിലും ഗൗരവതരമായ കാര്യങ്ങൾ ഏറ്റെടുക്കണമെന്നും രാഹുൽ വിമർശിച്ചു.