വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസിന്റെ നോട്ടീസ്.നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം.
തിരുവനന്തപുരം : വ്യാജ തിരിച്ചറിയല്‍ കാർഡിൽ കേസ് രാഹുല്‍ മാങ്കൂട്ടത്തിന് പൊലീസ് നോട്ടീസ് ആയിച്ചു. ചോദ്യം ചെയ്യലിനായി നാളെ മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
കേസിലെ പ്രതികളായ ഫെനിയും ബിനിലും മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചത് രാഹുലിന്റെ സാന്നിദ്ധ്യത്തിലാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, കേസിലെ മുഖ്യസൂത്രധാരൻ തൃക്കരിപ്പൂര്‍ സ്വദേശി ജെയ്സണ്‍ തോമസാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ ഒളിവിലാണ്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് യൂത്ത് കോണ്‍ഗ്രസിലെ ‘എ ‘ഗ്രൂപ്പുകാരെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോര്‍ട്ടിലുള്ളത്. വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും കഴിഞ്ഞ ദിവസം സി ജെ എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി ആര്‍ കാര്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വ്യാജകാര്‍ഡുകള്‍ നിര്‍മ്മിക്കാനുപയോഗിച്ചത്. അടൂരിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലാണ് കാര്‍ഡുകള്‍ ഉണ്ടാക്കിയത്. രഞ്ജു എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ഇവരെ ഇതിന് ചുമതലപ്പെടുത്തിയത്. ദിവസവും 50 മുതല്‍ 60 വരെ കാര്‍ഡുകള്‍ തയ്യാറാക്കി.
രണ്ടായിരത്തോളം കാര്‍ഡുകള്‍ ഇങ്ങനെ നിര്‍മ്മിച്ചു. ഇതിനായി ദിവസേന ആയിരം രൂപ വീതം നല്‍കിയിരുന്നതായി നാലാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വികാസ് കൃഷ്ണൻ മൊഴി നല്‍കിയിട്ടുണ്ട്. വ്യാജ കാര്‍ഡുകള്‍ യൂത്ത് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. മുഴുവൻ കാര്‍ഡുകളും കണ്ടെടുത്തില്ലെങ്കില്‍ ഇത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കാര്‍ഡുകള്‍ക്ക് പകരമായി ഉപയോഗിച്ചേക്കാമെന്നും പൊലീസ് പറഞ്ഞു.