രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ല; തടയുമെന്ന് സി കൃഷ്ണകുമാർ

Spread the love

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ. പാലക്കാട് മണ്ഡലത്തിൽ രാഹുൽ വന്നാൽ ശക്തമായ സമരം ഉണ്ടാകും. എംഎൽഎ എന്ന നിലയിൽ ക്ലബ്ബിന്റെയോ റെസിഡൻസ് അസോസിയേഷന്റെയോ പരിപാടികളിൽ പങ്കെടുത്താലും തടയും. സംഘാടകർ തീരുമാനിക്കണം രാഹുലിനെ വിളിക്കണോ വേണ്ടയോ എന്നതെന്നും സി കൃഷ്ണകുമാർ പറഞ്ഞു. രാഹുലിനെ പാലക്കാട് മണ്ഡലത്തിൽ സജീവമാക്കാനുള്ള കോൺ​ഗ്രസ് എ ​ഗ്രൂപ്പിൻ്റെ നീക്കത്തിനിടെയാണ് സി കൃഷ്ണകുമാറിൻ്റെ പ്രതികരണം വന്നത്. മണ്ഡലത്തിൽ സംഘടനകളുടെയോ അസോസിയേഷനുകളുടേയോ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിച്ച് സജീവമാക്കാണ് ആലോചന.

സന്ദീപ് വാര്യർ അനാഥ പ്രേതം പോലെ നടക്കുകയാണെന്നും സി കൃഷ്ണകുമാർ പറഞ്ഞു. കോൺഗ്രസിന് പോലും വേണ്ടാത്ത സന്ദീപിന്റെ ആരോപങ്ങൾക്ക് മറുപടി പറയേണ്ട സാഹചര്യമില്ല. ഇലക്ഷന് കൊടുത്ത വിവരങ്ങൾ 100 ശതമാനം ശരിയാണ്. കോൺഗ്രസ്സിനുള്ളിൽ സന്ദീപ് മുങ്ങി താഴാതിരിക്കാൻ കൈ കാൽ ഇട്ട് അടിക്കുകയാണ്. അതിന് ഞങ്ങൾ എന്തിനാണ് നിന്ന് കൊടുക്കുന്നതെന്നും കൃഷ്ണകുമാർ ചോദിച്ചു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ പ്രത്യേക സംഘം ഇന്ന് പരിശോധന തുടങ്ങും. ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ്റെ കൈവശമുണ്ടായിരുന്ന പരാതികൾ പുതിയ അന്വേഷണ ഉദ്യോഗസ്ഥനായ ഷാജിക്ക് കൈമാറി. 6 പരാതിക്കാരിൽ നിന്നും ഇന്ന് മുതൽ മൊഴിയെടുക്കും. കൈവശമുള്ള തെളിവുകൾ ഹജരാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകും. വെളിപ്പെടുത്തൽ നടത്തിയവർ ഇതേവരെ പരാതി നൽകിയിട്ടില്ല. നിലവിലെ പരാതിക്കാരുടെ മൊഴിപ്രകാരം വെളിപ്പെടുത്തൽ നടത്തിയവരെ നേരിൽ കണ്ട് മൊഴിയെടുക്കാണ് പൊലീസ് നീക്കം. സൈബർ തെളിവുകളും പരിശോധിക്കും. ഇതിനായി സൈബർ ഉദ്യോഗസ്ഥരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. നിലവിൽ ഒരു സിഐയെ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാനുള്ള നീക്കത്തിലാണ് ഷാഫി പറമ്പിൽ. ഷാഫിയുടെ നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ്റെ വീട്ടിൽ എ ​ഗ്രൂപ്പ് യോ​ഗം ചേർന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ​ഗ്രൂപ്പിൻ്റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തുകയായിരുന്നു. എന്നാൽ യോഗം ചേർന്നിട്ടില്ലെന്നും പാർട്ടി നിലപാട് എടക്കുമെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group