
പത്തനംതിട്ട : പീഡനത്തിനും ഗർഭഛിദ്രത്തിനും കൃത്യമായ തെളിവുകൾ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കാനഡയിൽ നിന്ന് ഉയർന്ന മൂന്നാമത്തെ പീഡന പരാതി വെറുമൊരു ആരോപണമല്ല, മറിച്ച് എംഎൽഎയെ അഴിയെണ്ണിക്കാൻ പോന്ന ആയുധങ്ങളാണെന്ന് വ്യക്തം. പോലീസ് ശേഖരിച്ചു കഴിഞ്ഞു.
പീഡനത്തെത്തുടർന്ന് ഗർഭിണിയായ യുവതിയെ രാഹുൽ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നായിരുന്നു മൊഴി. എന്നാൽ ഗർഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ രാഹുൽ ഡിഎൻഎ പരിശോധനയ്ക്ക് സാമ്പിൾ നൽകാൻ വിസമ്മതിച്ചിരുന്നു. എന്നാൽ യുവതിയുടെ കൈവശമുള്ള ഈ തെളിവ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സത്യം പുറത്തുവരും. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവാകും. കോടതിയേയും പോലീസ് ഇത് അറിയിക്കും. കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തിൽ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായാണ് യുവതി പോലീസിനെ സമീപിക്കുന്നത്.
ബലാത്സംഗത്തിന് പുറമെ രാഹുൽ നടത്തിയ സാമ്പത്തിക ഇടപാടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. പാലക്കാട് ഫ്ലാറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതും യുവതിയിൽ നിന്ന് പലപ്പോഴായി ലക്ഷങ്ങൾ കൈക്കലാക്കിയതും വെറും ആരോപണമല്ലെന്ന് ബാങ്ക് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. രാഹുലിന്റെ അക്കൗണ്ടിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്‌തരുടെ അക്കൗണ്ടിലേക്കും യുവതി പണം കൈമാറിയതിന്റെ കൃത്യമായ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരാതിക്കാരി പോലീസിന് നൽകിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ വിലകൂടിയ വാച്ചുകൾ വാങ്ങി നൽകിയതിന്റെ ബില്ലുകളും പോലീസ് ശേഖരിച്ചെന്നും സൂചനയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരാഴ്ച്‌ച മുമ്പാണ് കാനഡയിൽ നിന്ന് യുവതിയുടെ പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ഗൗരവമാണെന്ന് കണ്ടതോടെ പൂങ്കുഴലി ഐപിഎസിൻ്റെ നേതൃത്വത്തിൽ രഹസ്യ അന്വേഷണം തുടങ്ങിയിരുന്നു. യുവതി കാനഡയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ നൽകിയ മൊഴിയും ബാങ്ക് രേഖകളും ഒത്തുനോക്കിയ ശേഷം മാത്രമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. പരാതിക്കാരി ഉടൻ കാനഡയിൽ നിന്ന് നാട്ടിലെത്തി നേരിട്ട് മൊഴി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. നേരത്തെ സമാനമായ പരാതികൾ ഉയർന്നപ്പോൾ രാഹുൽ രാഷ്ട്രീയമായി പ്രതിരോധിച്ചിരുന്നു. എന്നാൽ ഇത്തവണ ഇമെയിൽ വഴി പരാതി കൊടുക്കാൻ യുവതി തയ്യാറായതോടെ പോലീസിന് നിയമപരമായി മുന്നോട്ട് പോകാൻ വഴി തുറന്നു. ആദ്യ രണ്ട് കേസുകളിൽ കോടതി സംരക്ഷണം കിട്ടിയെങ്കിലും, ഈ മൂന്നാം കേസിൽ ഭ്രൂണവും ബാങ്ക് രേഖകളും തെളിവായി എത്തുന്നതോടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകുമെന്ന് ഉറപ്പാണ്. മുമ്പും ഈ യുവതിയുടെ കാര്യം പോലീസ് അറിഞ്ഞിരുന്നു. എന്നാൽ അന്നൊന്നും രേഖാമൂലം പരാതി നൽകിയിരുന്നില്ല.




