
തിരുവനന്തപുരം:ലൈംഗിക പീഡനകേസിൽ പീഡനക്കേസിൽ ഒളിവിൽപ്പോയ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും.
രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുലിന്റെ അപേക്ഷപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. ഡിജിറ്റൽ തെളിവുകളടക്കം നിരത്തി വാദി, പ്രതിഭാഗങ്ങൾ നടത്തിയ വാദം ഒന്നര മണിക്കൂറിലേറെ നീണ്ടു. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.
ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിവേണമെന്ന് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുൽ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി അതിജീവിതയുടെ ചാറ്റുകളും ഫോട്ടോകളും ഉൾപ്പെടെ ഹാജരാക്കി. വിവാഹവാഗ്ദാനം നിലനിൽക്കില്ലെന്ന് തെളിയിക്കാൻ അതിജീവിതയുടെ വിവാഹഫോട്ടോകളടക്കം രാഹുലിനു വേണ്ടി ഹാജരായ അഡ്വ.ശാസ്തമംഗലം അജിത്കുമാർ ഹാജരാക്കി. രാവിലെ 11.45ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് 1.20ന് പൂർത്തിയായി.



