കല്‍പറ്റ: യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും.
അദ്ദേഹത്തിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.
രാവിലെ പത്ത് മണിയോടെ ഹെലികോപ്റ്ററില്‍ റിപ്പണ്‍ തലക്കല്‍ എസ്റ്റേറ്റ് ഗ്രൗണ്ടില്‍ എത്തും. അവിടെ നിന്നും കല്‍പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തേക്ക് പോകും.
പതിനൊന്നുമണിയോടെ റോഡ് ഷോ തുടങ്ങും. കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡ് മുതല്‍ എസ് കെ എം ജെ സ്‌കൂള്‍ വരെയാണ് റോഡ് ഷോ നടക്കുക.
രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് 12 മണിയോടെ വരണാധികാരി ജില്ലാ കളക്ടർ ഡോ. രേണു രാജ് മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എല്‍ ഡി എഫ് സ്ഥാനാർത്ഥി ആനി രാജയും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജില്ലയിലെ മുതിർന്ന നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമർപ്പിക്കുക.
നാമനിർദ്ദശ പത്രിക സമർപ്പണത്തിന് മുന്നോടിയായി കല്‍പ്പറ്റ സർവീസ് സഹകരണ ബാങ്ക് പരിസരത്തു നിന്നും രാവിലെ ഒൻപതിന് ആനിരാജയുടെ റോഡ് ഷോ തുടങ്ങും. കുക്കി വിമോചക സമരനായകരും യു.എല്‍.എ.യു ട്രൈബല്‍ വിമൻസ് ഫോറം മണിപ്പൂർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തു നിന്നും വീരപ്പൻ വേട്ടയുടെ പേരില്‍ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവർ എന്നിവരും റോഡ് ഷോയില്‍ അണിനിരക്കും.