രാഹുൽ ഗാന്ധി ചൊവ്വാഴ്ച പാലായിൽ: കെ.എം മാണിയുടെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും; പാലായിൽ എത്തുക ഹെലിക്കോപ്റ്റർ മാർഗം

രാഹുൽ ഗാന്ധി ചൊവ്വാഴ്ച പാലായിൽ: കെ.എം മാണിയുടെ വസതിയിൽ എത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കും; പാലായിൽ എത്തുക ഹെലിക്കോപ്റ്റർ മാർഗം

സ്വന്തം ലേഖകൻ

കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ് എം നേതാവ് കെ.എം മാണിയുടെ വസതിയിൽ ചൊവ്വാഴ്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എത്തും. കെ.എം മാണിയുടെ കുടുംബാംഗങ്ങളെയും , മകനും കേരള കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസ് കെ.മാണിയെയും നേരിൽ കണ്ട് അനുശോചനം അറിയിക്കുന്നതിനു വേണ്ടിയാണ് രാഹുൽ ഗാന്ധി നേരിട്ട് എത്തുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് ശേഷമാവും രാഹുൽ ഗാന്ധി പാലായിൽ എത്തുക. പത്തനംതിട്ടയിൽ നിന്നും ഹെലികോപ്റ്റർമാർഗം പാലായിൽ എത്തുന്ന രാഹുൽ ഗാന്ധി ഇവിടെ സെന്റ് തോമസ് കോളേജ് മൈതാനത്ത് ഇറങ്ങും. ഇവിടെ നിന്നും കാർ മാർഗം പാലായിലെ കെ.എം മാണിയുടെ വസതിയിൽ എത്തും. തുടർന്ന് ഇവിടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിക്കും. കെ.എം മാണി മരിച്ച ദിവസവും, സംസ്‌കാര ദിവസവും രാഹുൽ ഗാന്ധിയും, അമ്മ സോണിയാ ഗാന്ധിയും പാലായിലെ വസതിയിൽ നേരിട്ട് എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാൽ ഇരുവർക്കും അന്നേ ദിവസം എത്താൻ സാധിച്ചില്ല. തുടർന്ന് ഇരുവരും കെ.എം മാണിയുടെ മകൻ ജോസ് കെ.മാണിയെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധി നേരിട്ടെത്തുന്നത്.