വോട്ട് കൊള്ളക്കെതിരെ രാഹുലിന്റെ വോട്ടര്‍ അധികാര്‍ യാത്ര; ഇന്ന് സമാപിക്കും

Spread the love

ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര തിങ്കളാഴ്ച ബിഹാറിലെ പട്‌നയിൽ സമാപിക്കും. കേന്ദ്രസർക്കാരിനെതിരേ വോട്ടുകവർച്ച ആരോപണം ഉയർത്തി രാഹുൽ 16 ദിവസമായി നടത്തുന്ന യാത്രയുടെ സമാപനച്ചടങ്ങ് ദേശീയതലത്തിൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യനിരയുടെ ശക്തിപ്രകടനമാകും.

ഓഗസ്റ്റ് 17-ന് ബിഹാറിലെ സസാറാമിൽനിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തുന്നത്.

തിങ്കളാഴ്ച രാവിലെ 11-ഓടെ പട്‌നയിലെ ഗാന്ധിമൈതാനിയിൽനിന്ന് ഡോ. ബി.ആർ. അംബേദ്കർ പ്രതിമയ്ക്കുമുന്നിലേക്ക് രാഹുലിന്റെ നേതൃത്വത്തിൽ പദയാത്ര തുടങ്ങും. ആർജെഡി നേതാവ് തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുക്കും. തൃണമൂൽ കോൺഗ്രസ് നേതാക്കളും എത്തിയേക്കും. പ്രതിപക്ഷമുഖ്യമന്ത്രിമാരായ എം.കെ. സ്റ്റാലിൻ, രേവന്ത് റെഡ്ഡി, സിദ്ധരാമയ്യ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group