ഇടാത്ത ഒപ്പ് കുരുക്കായി: ജാമ്യവ്യവസ്ഥ ലംഘിച്ച് കേരളം വിട്ട രാഹുൽ ഈശ്വർ അറസ്റ്റിലായി

ഇടാത്ത ഒപ്പ് കുരുക്കായി: ജാമ്യവ്യവസ്ഥ ലംഘിച്ച് കേരളം വിട്ട രാഹുൽ ഈശ്വർ അറസ്റ്റിലായി

സ്വന്തം ലേഖകൻ

പാലക്കാട്: എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ച് രാഹുൽ ഈശ്വർ പൊലീസ് കസ്റ്റഡിയിലായി. ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യണമെന്നു കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച ഉച്ചയോടെ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന് പുറത്ത് കഴിഞ്ഞ ദിവസം രാഹുൽ ഈശ്വർ പരിപാടികൾക്കായി പോയിരുന്നു. ഇതും ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി അനുമതിയോടെ പൊലീസ് രാഹുലിന്റെ അറസ്റ്റിലേയ്്ക്ക് തിരിഞ്ഞത്.
എല്ലാ ശനിയാഴ്ചയും പമ്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാന്നി കോടതിയുടെ ഉത്തരവ്. തി്ങ്കളാഴ്ച പാലക്കാട് ഹിന്ദു മഹാസഭയുടെ പരിപാടിക്കെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് ജാമ്യം തേടി ഹൈക്കോടതിയിൽ പോകുമെന്നും ഇപ്പോൾ കർണാടകയിലാണെന്നും പറഞ്ഞ് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. ഇതിനിടെ രാഹുലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധവുമായി ആർഎസ്എസ് പ്രവർത്തകർ രംഗത്ത് എത്തിയത് സംഘർഷത്തിനിടയാക്കി. രാഹുലിനെ അറസ്റ്റ് ചെയ്തു പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു. ഇവരെ പൊലീസ് ബല് പ്രയോഗിച്ച് നീക്കിയ ശേഷമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.