രാഹുൽ ഈശ്വറിന് മണ്ഡലകാലം കഷ്ടകാലം. കേസുകളിൽ കുടുങ്ങി കോടതീയിലും പൊലീസ് സ്റ്റേഷനിലുമായി ഓടടാഓട്ടം
സ്വന്തം ലേഖകൻ
കൊച്ചി: തുലാമാസ പൂജകൾക്കും ചിത്തിരആട്ട വിശേഷത്തിനും ശബരിമല നട തുറന്നപ്പോൾ ‘പ്ലാൻ എ’യും ‘ബി’യും ‘സി’യുമൊക്കെയായി ഓടിനടന്ന അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന് മണ്ഡലകാലം അക്ഷരാർഥത്തിൽ കഷ്ടകാലം. പലവിധ കേസുകളിലായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പൊലീസ് സ്‌റ്റേഷനുകളിൽ ഒപ്പിടാനുള്ള ഓട്ടത്തിനിടെ ശബരിമലയിലെത്താൻ കഴിയുമോ എന്നാണ് സംശയം.
രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് എം.എം. മണി നടത്തിയ ‘വൺ, ടു, ത്രീ’ പ്രസംഗത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു, ശബരിമലയിലെ പ്ലാനുകളെക്കുറിച്ച് രാഹുൽ മാധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചത്. സന്നിധാനത്ത് രക്തമോ മൂത്രമോ വീണാൽ നടയടക്കണം എന്നതിനാൽ രക്തം വീഴ്ത്തി അശുദ്ധിയാക്കാൻ പ്ലാൻ ബിയുമായി 20അംഗ സംഘം തയാറായിനിന്നിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. സർക്കാരിന് മാത്രമല്ല, തങ്ങൾക്കും വേണമല്ലോ പ്ലാൻ ബിയും സിയും എന്നായിരുന്നു രാഹുൽ പറഞ്ഞിരുന്നത്. എന്നാൽ, വെളിപ്പെടുത്തൽ നടത്തി പുറത്തിറങ്ങി മണിക്കൂറുകൾക്കകം അറസ്റ്റിലായി. മതസ്പർധ വളർത്തി കലാപാഹ്വാനത്തിന് ശ്രമിച്ചെന്ന കുറ്റമാണ് എറണാകുളം സെൻട്രൽ പൊലീസ് ചുമത്തിയത്. ഇതോടെ പറഞ്ഞതെല്ലാം രാഹുലിന് വിഴുങ്ങേണ്ടി വന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രക്തം വീഴ്ത്താൻ ഒരുങ്ങിനിന്നവരെ താൻ പിന്തിരിപ്പിച്ചെന്നും സമാധാനപ്രേമിയായ തന്നെ കള്ളക്കേസിൽ കുടുക്കുന്നു എന്നും തിരുത്തി. രക്തം വീഴ്ത്താനുള്ള ധൈര്യമൊന്നും ഇക്കൂട്ടർക്കില്ലെന്നും മൂത്രമൊഴിക്കലാകും ഈ പ്ലാൻ ബി എന്നും മുഖ്യമന്ത്രി പരിഹസിച്ചു. ട്രോളർമാർ എ മുതൽ ഇസഡ് വരെ പ്ലാനുകളുണ്ടാക്കി രാഹുലിനുമേൽ പൊങ്കാലയിട്ടു.
തുലാമാസ പൂജക്ക് നട തുറന്ന ദിവസം യുവതിയെ തടഞ്ഞതിന് അറസ്റ്റിലായ രാഹുൽ ഒമ്പതുദിവസം ജയിൽവാസവും പിന്നെ അവിടെ നിരാഹാരവും തുടർന്ന് ആശുപത്രിവാസവും കഴിഞ്ഞാണ് ജാമ്യത്തിലിറങ്ങിയത്. ഇതിനുപിന്നാലെയായിരുന്നു വെളിപ്പെടുത്തലും പിന്നാലെയുണ്ടായ രണ്ടാം അറസ്റ്റും. ഇതിനിടെ ‘മീ ടു’ ആരോപണത്തിലും കുടുങ്ങി. ‘തൃപ്തി ദേശായി അല്ല ഏത് ഫെിമിനിച്ചി വന്നാലും തങ്ങളുടെ നെഞ്ചിൽ ചവിട്ടിയേ മലകയറൂ’ എന്നാണ് രാഹുലിന്റെ പുതിയ പ്രഖ്യാപനം. 66 ദിവസം ശബരിമലയെ യുവതികളിൽനിന്ന് കാക്കാൻ, വേറൊന്നുമില്ലെങ്കിലും പ്ലാനുണ്ടെന്നും പറയുന്നു. അതിന് പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിലേക്ക് ആളെ എത്തിച്ചുതുടങ്ങിയെത്ര. സ്ഷനിൽ ഒപ്പിടാൻ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും പമ്ബയിലേക്കും കൊച്ചിയിലേക്കും തലസ്ഥാനത്തേക്കുമെല്ലാം ഓടേണ്ടതിനാൽ ഊഴമിട്ടുള്ള പ്രതിഷേധമാണത്രേ രാഹുൽ ആലോചിക്കുന്നത്.