രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ്
സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ച രാഹുൽ ഈശ്വറിന്റെ ജാമ്യം റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി റദ്ദക്കി. രാഹുൽ ഈശ്വറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. രാഹുൽ ഈശ്വർ ജാമ്യ വ്യവസ്ഥകൾ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് റാന്നി കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദാക്കിയത്. നേരത്തെ തുലാം മാസ പൂജയുടെ സമയത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടായിരുന്നു രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. പമ്പ പൊലീസ് സ്‌റ്റേഷനിൽ ഒപ്പിടണമെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണ് നടപടി. രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായ പമ്പ സർക്കിൾ ഇൻസ്‌പെക്ടറിന്റെ മുമ്പിൽ ഹാജരാവണം, യാതൊരു കാരണവശാലും കോടതി നിർദേശമോ അനുമതിയോ ഇല്ലാതെ നിലക്കൽ, പമ്പ എന്നിവിടങ്ങളിൽ പ്രവേശിക്കരുത് തുടങ്ങി ഒമ്പതോളം വ്യവസ്ഥകളായിരുന്നു ഉണ്ടായിരുന്നത്.
ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും മനഃപൂർവം തന്നെ കുടുക്കാനുള്ള പൊലീസിന്റെ ശ്രമമാണിതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. ഡൽഹി യാത്രക്കു ശേഷം തന്റെ വിമാനം വൈകിയതിനാലാണ് സ്‌റ്റേഷനിലെത്തി ഒപ്പിടാൻ സാധിക്കാതിരുന്നത്. എന്നാൽ പിറ്റേദിവസം സ്‌റ്റേഷനിൽ ഒപ്പിടാൻ എത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. പൊലീസ് നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.