
തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് ഉടൻ കേസെടുക്കും. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും.
തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതികളും തെളിവുകളും കൈമാറിയത്.
അതിജീവിതയുടെ പരാതി ലഭിച്ച മുഖ്യമന്ത്രി ഉടൻ ക്രൈം ബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസെടുക്കുന്ന കാര്യം ചർച്ച ചെയ്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ നേരത്തെ ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വമേധയാ കേസെടുത്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഈ കേസ് പ്രത്യേക കേസായി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പൊലീസിൻ്റെ തീരുമാനം.
ഫോൺ സംഭാഷണങ്ങളും ചാറ്റുകളും അടക്കമുള്ള പരാതിയിൽ പൊലീസ് ഏതൊക്കെ വകുപ്പുകളായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം നേടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നും ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.




