പരാതിക്കാരിയുമായുള്ള ലൈം​ഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരം; വര്‍ഷങ്ങളോളം നീണ്ടുനിന്ന ബന്ധം തകര്‍‌ന്നപ്പോള്‍ ബലാത്സംഗ കേസായി മാറി;അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ നിയമപോരാട്ടത്തിന് ഒരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യംതേടി രാഹുൽ ഹൈക്കോടതിയിൽ

Spread the love

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യംതേടി ഇന്നലെ ഹൈക്കോടതിയെ സമീപിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറസ്റ്റുചെയ്താൽ ജാമ്യത്തിൽ വിടണമെന്നുമാണ് ആവശ്യം. ഹർജി ഇന്ന് ജസ്റ്റിസ് കെ. ബാബുവിന്റെ ബെഞ്ച് പരിഗണിക്കും.

video
play-sharp-fill

മാദ്ധ്യമ പ്രവർത്തകയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വന്നതോടെയാണ് അകന്നത്. സ്വകാര്യതയെ ബാധിക്കുന്ന വോയ്‌സ് ക്ലിപ്പുകൾ പുറത്തുവിട്ടത് താനാണെന്ന് പരാതിക്കാരി സംശയിച്ചു. ആരാണ് ഇത് പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഹർജിയിൽ പറയുന്നു.

ജോലിചെയ്തിരുന്ന സ്ഥാപനത്തിൽനിന്ന് അവധിയെടുത്തിരുന്ന പരാതിക്കാരി തിരികെ പ്രവേശിക്കാൻ എത്തിയപ്പോൾ താനുമായി അടുപ്പത്തിലാണെന്ന് എഴുതി നൽകണമെന്ന് മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഇക്കാര്യം പരാതിക്കാരി തന്നെ പറഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരി വിവാഹിതയാണെന്ന വിവരം തനിക്ക് അറിയാമായിരുന്നു. അതിനാൽ വോയ്‌സ് ക്ലിപ്പുകൾ ചോർന്നതിൽ പരാതി ഇപ്പോൾ ഉന്നയിക്കേണ്ടെന്നാണ് ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ താൻ രാഷ്ട്രീയപ്രവർത്തകനായതിനാൽ മാദ്ധ്യമങ്ങൾ വ്യാപകപ്രചാരണം നൽകി. എതിർപക്ഷത്തുള്ളവർ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്.

പരസ്പരം നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ തന്റെ പക്കലുണ്ട്. എന്നാൽ പൊലീസ് പിന്നാലെയുള്ളതിനാൽ ഇത് ഹാജരാക്കാനാകുന്നില്ല. രാഷ്ട്രീയപ്രേരിത അന്വേഷണമാണ് നടക്കുന്നത്. ഏറെ വൈകിയ പരാതി മുഖ്യമന്ത്രിക്ക് നേരിട്ടാണ് നൽകിയത്.

ഇതുവരെ എഫ്.ഐ.ആറിന്റെയോ മൊഴിയുടെയോ പകർപ്പ് തനിക്ക് ലഭിച്ചിട്ടില്ല. വൈകിയുള്ള പരാതികളിൽ നിജഃസ്ഥിതി അറിയാൻ പ്രാഥമിക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ നേരിട്ട് അന്വേഷണത്തിലേക്ക് കടന്നെന്ന് രാഹുൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ അവസരം ലഭിച്ചാൽ ഓരോകാര്യങ്ങളും വിശദീകരിക്കാൻ തയ്യാറാണ്. ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തിൽ പിന്നീട് വിള്ളലുണ്ടായതിന്റെ പേരിൽ മാനഭംഗം നിലനിൽക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്.

നിർബന്ധിത ഗർഭച്ഛിദ്രത്തിന് ഇരയാക്കി എന്നത് അന്വേഷണ ഏജൻസിയുടെ ദുർവ്യാഖ്യാനമാണ്. ഇത് സ്ഥാപിക്കുന്ന തെളിവുകൾ തന്റെ പക്കലുണ്ട്. അതിനാൽ കസ്റ്റഡിയിൽ ചോദ്യംചെയ്യേണ്ടതില്ലെന്നും മുൻകൂർ ജാമ്യം നൽകണമെന്നും രാഹുൽ ഹർജിയിൽ ആവശ്യപ്പെടുന്നു.