സർക്കാർ ശ്രമിച്ചത് കിസ്സ് ഓഫ് ലൗ നായികയെ പതിനെട്ടാം പടി ചവിട്ടിക്കാൻ: പോലീസിന്റെ നിസ്സഹായവസ്ഥ തുറന്നു പറഞ്ഞ് ഐ ജി ശ്രീജിത്ത്; ലക്ഷ്യം സാധിക്കാതെ യുവതികൾ മലയിറങ്ങുന്നു
സ്വന്തം ലേഖകൻ
പമ്പ: കിസ് ഓഫ് ലൗവിലൂടെ മലയാളികൾക്കിടയിൽ വിവാദ നായികയായ തണ്ണിമത്തൻ കൊണ്ട് മാറ് മറച്ച രഹ്നാ ഫാത്തിമയാണ് പൊലീസ് സന്നിധാനത്തുകൊണ്ടു പോകുന്നതെന്ന് പുറംലോകമറിഞ്ഞു. താൻ രഹ്നയാണെന്ന് പറഞ്ഞ് തന്നെയാണ് മല ചവിട്ടാൻ പൊലീസിന് മുമ്പിൽ രഹ്ന എത്തിയത്. ശബരിമലയിൽ ആർക്കും പോകാമെന്നും അവിടെ ജാതിമത ചിന്തകളില്ലെന്നും ഈ ഘട്ടത്തിൽ സർക്കാർ നിലപാട് എടുത്തു. ഇതോടെ ആരും അറിയാതെ രഹ്നയെ സന്നിധാനത്ത് എത്തിക്കാനും നീക്കം നടത്തി. ആരും അറിയരുതെന്നും ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാമെന്നുമായിരുന്നു പമ്പയിലെ പൊലീസിന് കിട്ടിയ നിർദ്ദേശം. സുരക്ഷയൊരുക്കാൻ ഐജിയും പോണമെന്ന് നിർദ്ദേശിച്ചു. ഇതോടെ രഹ്നാ ഫാത്തിമയേയും കൊണ്ട് ഐ ജി ശ്രീജിത്ത് മല ചവിട്ടുകയായിരുന്നു. രഹ്നാ ഫാത്തിയമാണ് എത്തുന്നതെന്ന് അറിഞ്ഞതോടെ വിശ്വാസികൾ സന്നിധാനത്ത് ഒത്തുകൂടിയത്.
പ്രതിഷേധം അവസാനിപ്പിക്കണമെന്നും പൊലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാർ കൂട്ടാക്കിയില്ല. അതേസമയം യുവതികൾ പതിനെട്ടാം പടി ചവുട്ടിയാൽ ക്ഷേത്രം പൂട്ടി താക്കോൽ പന്തളം കൊട്ടാരത്തെ ഏൽപിക്കണമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി പി എൻ നാരായണ വർമ തന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്ധ്രാപ്രദേശിൽ നിന്നെത്തിയ കവിത ജക്കാല എന്ന മാധ്യമപ്രവർത്തകയും മലയാളിയായ രഹ്ന ഫാത്തിമയുമാണ് പുലർച്ചെ 6.50 ഓടെ പമ്പയിൽ നിന്ന് നീലിമല വഴി സന്നിധാനത്തേക്ക് പുറപ്പെട്ടത്. മോജോ ടിവി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോർട്ടർ കവിതയാണ് മാധ്യമപ്രവർത്തക. എറണാകുളത്തുള്ള ബി.എസ്.എൻ.എൽ ജീവനക്കാരിയാണ് രഹ്ന ഫാത്തിമ. കവിത പൊലീസ് വേഷത്തിലാണ് യാത്ര ചെയ്തത്. പൊലീസ് ഉപയോഗിക്കുന്ന ഹെൽമറ്റും ജാക്കറ്റും മറ്റ് വേഷവിധാനങ്ങളും അണിഞ്ഞ് നൂറിലധികം പൊലീസുകാരുടെ വലയത്തിലാണ് സന്നിധാനത്തേക്ക് പോയത്. കറുപ്പണിഞ്ഞ് ഇരുമുടിക്കെട്ടുമേന്തിയായിരുന്നു രഹ്ന. രഹ്നയും ഹെൽമറ്റ് ഉപയോഗിച്ചിട്ടുണ്ടായിരുന്നു..
കടുത്ത പ്രതിഷേധം അതിജീവിച്ച് ആന്ധ്രയിൽ നിന്നുള്ള മാധ്യമപ്രവർത്തകയ്ക്കും കൊച്ചിയിൽ നിന്നും കെട്ടെടുത്ത് കറുപ്പുടുത്ത മലയാളി വനിതയ്ക്കും ശബരിമലയ്ക്ക് തൊട്ടടുത്ത് വരെ എത്താനേ കഴിഞ്ഞുള്ളൂ. ഇവർ ശബരിമല സന്ദർശിക്കുന്നതിനെ എതിർത്ത് 500ലധികം ഭക്തന്മാർ സന്നിധാനത്ത് തടിച്ചു കൂടിയിരുന്നു. നടപ്പന്തലിലെ എതിർപ്പാണ് പൊലീസ് പിന്തിരിയാൻ തീരുമാനം എടുത്തത്. കനത്ത പൊലീസ് കാവലിൽ പമ്പയിൽ നിന്നും രാവിലെ ആറേമുക്കാലോടെ തുടങ്ങിയ മലകയറ്റം രണ്ടേമുക്കാൽ മണിക്കൂർ എടുത്ത് ഒമ്പതു മണിയോടെയായിരുന്നു മലകയറി നടപ്പന്തലിൽ എത്തിയത്. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചു. തങ്ങളും അയ്യപ്പഭക്തന്മാരാണെന്നും കോടതിവിധിയെ മാനിച്ചാണ് തങ്ങൾ ഇവിടെ എത്തിയിട്ടുള്ളതെന്നും ഐജി വിശദീകരിച്ചു.
നിയമത്തിന്റെ നിയോഗം കൂടി ഭക്തന്മാർ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാരെ ചവുട്ടി അരച്ചു ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നിയമത്തിന്റെ നിയോഗം കൂടി തങ്ങൾക്ക് നടത്തേണ്ടതുണ്ടെന്നും സമാധാനമായി എല്ലാവരും പിരിഞ്ഞു പോകണമെന്നും ഐജി ആവശ്യപ്പെട്ടു. ഭക്തർക്കെതിരേ ബലം പ്രയോഗിക്കണമെന്ന് സർക്കാരിനില്ലെന്നും വ്യക്തമാക്കി. ഐജി സംസാരിക്കുമ്പോൾ തന്നെ ചിലർ ശരണം വിളികൾ തുടർന്നുകൊണ്ടിരുന്നു മൂന്നൂറ് നാനൂറ് പൊലീസുകാരായിരുന്നു കാനനപ്പാതയിൽ മലകറിയ വനിതകൾക്ക് സംരക്ഷണം നൽകിയത്. പ്രതിഷേധം ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസ് തീരുമാനത്തിൽ നിന്ന് പിന്മാറി. പ്രശ്നത്തിൽ റിവ്യൂ ഹർജി കൊടുക്കാനുള്ള ദേവസ്വം ബോർഡ് തീരുമാനവും ചർച്ചയായി.