ആകാശ കഴുകൻ ഇനി ഇന്ത്യയ്ക്ക് സ്വന്തം ; വ്യോമസേനയ്ക്ക് കരുത്തു പകരാൻ റഫാൽ എത്തുന്നു
സ്വന്തം ലേഖിക
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തുയർത്തി റഫാൽ യുദ്ധ വിമാനം രാജ്യത്തേക്കെത്തി. ഡസ്സോൾട്ട് ഏവിയേഷനിൽ നിന്ന് ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വ്യോമസേന ഡെപ്യൂട്ടി എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഒരു മണിക്കൂറോളം റഫാലിൽ പറക്കുകയും ചെയ്തു. ദസറ ദിനമായ ഒക്ടോബർ എട്ടിന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യോമസേനയ്ക്ക് റഫാൽ ഔദ്യോഗികമായി കൈമാറും.
ഇന്ത്യൻ പ്രതിരോധ മേഖലയിലെ ഈ കുതിപ്പ് അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് പാക്ക്, ചൈന റിപ്പോർട്ടുകൾവരെ വന്നു കഴിഞ്ഞു. പാക്കിസ്ഥാൻ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയിൽ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങിയതും വാങ്ങാൻ കരാർ നൽകിയതുമായ ആയുധങ്ങളും പോർവിമാനങ്ങളും വൻ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ലാണ് ഇന്ത്യ ഫ്രാൻസിൽ നിന്ന് 36 റഫാൽ പോർ വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവച്ചത്. 7.87 ബില്യൺ യൂറോ (59000 കോടി രൂപ)യുടേതാണ് കരാർ.രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.
എൺപതുകളിൽ വികസനം ആരംഭിച്ച റഫാൽ 2001 ലാണ് ഫ്രഞ്ച് വ്യോമസേനയുടെ ഭാഗമായി മാറുന്നത്. നിലവിൽ ഫ്രഞ്ച് വ്യോമ, നാവിക സേനകൾ, ഈജിപ്ത് വായസേന, ഖത്തർ വായുസേന എന്നിവരാണ് റഫാൽ ഉപയോഗിക്കുന്നത്. 15.27 മീറ്ററാണ് വിമാനത്തിന്റെ നീളം. മണിക്കൂറിൽ 1912 കിലോമീറ്ററാണ് വേഗം. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫെഴ്സ് എന്നിങ്ങനെ ത്രിതല ശേഷിയുള്ളതാണ് റഫാൽ.