
റേഡിയോ ജോക്കി കൊലക്കേസ് ; പ്രതിയെ നാടകീയമായി പിടികൂടി പൊലീസ്
കൊച്ചി : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട റേഡിയോ ജോക്കി കൊലക്കേസ് പ്രതിയേ പിടികൂടി പൊലീസ്. കാക്കനാട് ചെമമ്പുമുക്കിലെ വീട്ടില്‍ നിന്നാണ് പ്രതിയായ അപ്പുണ്ണിയെ പോലീസ് കീഴടക്കിയത്.
പൊലീസിനു നേരെ നായ്‌ക്കളെ അഴിച്ചുവിടുകയും എയര്‍ഗണ്‍ വായില്‍വച്ച് ആത്മഹത്യാ ഭീഷണിമുഴക്കുകയും ഇയാൾ ചെയ്തിരുന്നു.എന്നാൽ ബലപ്രയോഗത്തിലൂടെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ് സംഘാംഗങ്ങളും മാവേലിക്കര പോലീസും ചേര്‍ന്ന് പിടികൂടിയത്.
2018ല്‍ തിരുവനന്തപുരം കിളിമാനൂരില്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അപ്പുണ്ണി നിരവധി കേസുകളില്‍ പ്രതിയാണ്
ക്വട്ടേഷന്‍ സംഘാംഗമായ അപ്പുണ്ണി നവംബര്‍ ഒന്നിനാണു കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നത്. തുടര്‍ന്ന് പലയിടത്തായി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ നാലുദിവസം മുമ്പ് കാക്കനാടെത്തിയെന്നും മറ്റൊരുകേസില്‍ എതിര്‍ സാക്ഷി പറഞ്ഞയാളെ ഭീഷണിപ്പെടുത്തി അയാളുടെ വീട്ടില്‍ കടന്നുകൂടിയെന്നും പോലീസിനു വിവരം ലഭിച്ചു.
ഇയാള്‍ ചെമ്പുമുക്കിലുണ്ടെന്ന് കണ്ടെത്തിയ ഷാഡോ പോലീസ് വിവരം മാവേലിക്കര പോലീസിന് കൈമാറി. തുടര്‍ന്ന് പുലര്‍ച്ചെ വീടുവളഞ്ഞ് സാഹസികമായി കീഴ്‌പ്പെടുത്തി. എയര്‍ഗണ്‍ കസ്‌റ്റഡിയിലെടുത്തു. അപ്പുണ്ണിയെ മാവേലിക്കര പോലീസിന് കൈമാറി.