
തൃശൂര്‍: എരുമപ്പെട്ടി പഞ്ചായത്തിലെ പതിയാരത്ത് കറവ പശു പേവിഷബാധയേറ്റ് ചത്തത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പതിയാരം നീര്‍ത്താട്ടില്‍ ചന്ദ്രന്റെ രണ്ട് വളര്‍ത്തു പശുക്കളില്‍ ഒരെണ്ണമാണ് പേ വിഷബാധയേറ്റ് ചത്തത്. ഈ പശുവിൻ്റെ പാൽ സമീപത്തെ വീടുകളിലും മറ്റും വിതരണം ചെയ്തിരുന്നു. പശു ചത്തതിന് പിന്നാലെ നാട്ടുകാർ ഭീതിയിലായി. പാൽ ചൂടാക്കാതെ കുടിച്ച സമീപവാസികളായ വീട്ടുകാര്‍ക്കും സമീപപ്രദേശത്തെ മറ്റു പശുക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നടത്തി.
കഴിഞ്ഞ ദിവസമാണ് പശു ചത്തത്. ശക്തമായി കരഞ്ഞ പശുവിന് എന്താണ് സംഭവിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. എന്തോ അസുഖമാണെന്നാണ് ആദ്യം ധരിച്ചത്. പിന്നാലെ പശു അക്രമ സ്വഭാവവും കാട്ടിത്തുടങ്ങിയതോടെ ചന്ദ്രൻ മൃഗസംരക്ഷണ വകുപ്പിലും ആരോഗ്യ വകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പശുവിന് പേ വിഷബാധയേറ്റതായി നിഗമനത്തിലെത്തിയത്.
ഇതിനിടെ കെട്ടിയിട്ട മരത്തിലും തൊഴുത്തിലെ ചുമരിലും സ്വയം തലയിടിച്ച് അക്രമം കാട്ടിയ പശു അധികം വൈകാതെ ചത്തു. ചന്ദ്രൻ്റെ രണ്ടാമത്തെ പശു നിരീക്ഷണത്തില്‍ തുടരുകയാണ്. പതിയാരം അടക്കമുള്ള സമീപപ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും ദിവസം മുമ്പ് ഇവിടെ തെരുവ് നായ്ക്കള്‍ പലരെയും കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group