
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർമാർക്ക് വേണ്ടി ഗവർണർ രാജേന്ദ്ര ആർലേക്കർ ഒരുക്കിയ ചായ സൽക്കാരത്തിൽ പങ്കെടുക്കാൻ ശാസ്‌തമംഗലം കൗൺസിലർ ആർ ശ്രീലേഖ എത്തിയില്ല.
കോർപ്പറേഷനിൽ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു ഗവർണർ കൗൺസിലർമാരെ ചായ സൽക്കാരത്തിന് ക്ഷണിച്ചത്.
ലോക്ഭവനിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു ഗവർണർ ചായസൽക്കാരം ഒരുക്കിയത്. സൽക്കാരത്തിന് യുഡിഎഫ്, എൽഡിഎഫ് കൗൺസിലർമാരും എത്തി. ചുവപ്പ് വസ്ത്രം ധരിച്ചാണ് ഇടത് കൗൺസിലർമാർ ചായ സൽക്കാരത്തിനെത്തിയത്. എല്ലാവരെയും ഷാൾ അണിയിച്ചാണ് ഗവർണർ സ്വീകരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോർപ്പറേഷൻ തിരഞ്ഞടുപ്പിൽ വിജയിച്ച് മേയറാകാൻ സാധിക്കാതെ വന്നതിന് പിന്നാലെ വലിയ അതൃപ്തിയിലാണ് ആർ ശ്രീലേഖ. ബിജെപിയെ വെട്ടിലാക്കി തന്റെ അതൃപ്‌തി ശ്രീലേഖ മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു.
മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും കൗണ്‍സിലറാകാന്‍ വേണ്ടിയല്ല പാർട്ടി തന്നെ മത്സരിപ്പിച്ചത് എന്നും ശ്രീലേഖ തുറന്നടിച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലാണ് അവസാനം വിവി രാജേഷ് മേയറും ആശാ നാഥ് ഡെപ്യൂട്ടി മേയറും ആയതെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.
പിന്നാലെ ശ്രീലേഖയുടെ പ്രവർത്തികൾ ബിജെപിയിൽ വലിയ അതൃപ്തിക്ക് കാരണമാകുന്നുണ്ട്. വികെ പ്രശാന്തുമായുള്ള ഓഫീസ് മുറി വിവാദത്തിൽ ഇടപെടേണ്ടന്ന് വരെ ബിജെപി നേതൃത്വം തീരുമാനിച്ചിരുന്നു. ശ്രീലേഖ പാര്‍ട്ടിയോട് ആലോചിക്കാതെ വിവാദമുണ്ടാക്കിയെന്ന വിമര്‍ശനമാണ് ബിജെപിയിൽ ഉയർന്നത്.



