“ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ളത് കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത് അത് അച്ചടക്കത്തിന്റെ ഭാഗമാണ്”; മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ പ്രതികരിച്ച് ആര്‍ ശ്രീലേഖ

Spread the love

തിരുവനന്തപുരം : ബിജെപിയുടെ സമ്മേളന വേദിയില്‍ വച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പരിഭവം പരസ്യമാക്കിയെന്ന തരത്തിലുള്ള വിവാദത്തിനെതിരെ മറുപടിയുമായി ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ.

video
play-sharp-fill

ഫെയ്‌സ്ബുക്കിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം വിശദീകരിച്ച ശ്രീലേഖ ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വിഡിയോയില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവര്‍ പറഞ്ഞു.

‘വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. വളരെ അധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള തനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്കു വരുമ്പോള്‍ എനിക്ക് നല്‍കപ്പെട്ടിട്ടുള്ള സ്ഥാനത്ത് ഇരിക്കുക, നിലയുറപ്പിക്കുക എന്നതാണ് പാര്‍ട്ടിപ്രവര്‍ത്തക എന്ന നിലയ്ക്ക് ചെയ്യേണ്ടതെന്നാണ് ധരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തില്‍ ഇരുന്നത്. വിവിഐപി എന്‍ട്രന്‍സിലൂടെ പ്രവേശിച്ച്‌ അതിലെതന്നെ പ്രധാനമന്ത്രി മടങ്ങുമ്പോള്‍ താന്‍ അങ്ങോട്ടേക്കു ചെല്ലുന്നത് ശരിയല്ലല്ലോ എന്നാണ് ചിന്തിച്ചത്. ആരും തെറ്റിധരിക്കേണ്ട. എപ്പോഴും ബിജെപിക്കൊപ്പമാണ്’- ആര്‍. ശ്രീലേഖ പറഞ്ഞു.

പരിപാടിയില്‍ ഉടനീളം പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്ന അവര്‍ അദ്ദേഹത്തെ യാത്രയാക്കുന്ന സമയത്ത് മറ്റ് നേതാക്കള്‍ക്കൊപ്പം ചേരാതെ മാറിനില്‍ക്കുകയും ചെയ്തതോടെയാണ് സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചത്.

ബിജെപിയുടെ നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശ്രീലേഖ, വേദിയില്‍ പ്രധാനമന്ത്രിക്ക് തൊട്ടുപിന്നിലെ ഇരിപ്പിടത്തിലാണ് ഇരുന്നതെങ്കിലും അദ്ദേഹത്തോട് സംസാരിക്കാനോ അടുത്ത് ചെല്ലാനോ തയ്യാറായില്ല. പ്രധാനമന്ത്രി മോദി മേയര്‍ വിവി രാജേഷിനെ ആലിംഗനം ചെയ്യുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്തപ്പോള്‍ സദസിലും വേദിയിലും ഉണ്ടായിരുന്നവര്‍ ആവേശത്തിലായെങ്കിലും ശ്രീലേഖയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല.