
മന്ത്രി ആര്‍ ബിന്ദുവിന്റെ പ്രസ്താവന: സിപിഎം നേതാക്കളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വംശീയതയുടെ ആവര്‍ത്തനം : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുപ്പതു വര്‍ഷം മുമ്പ് വേങ്ങര യാഥാസ്ഥികരുടെ കേന്ദ്രമായിരുന്നു എന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ പരാമര്‍ശം സിപിഎം നേതാക്കളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വംശീയതയുടെ ആവര്‍ത്തനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍.
മലപ്പുറത്തെ ജനങ്ങളെ വംശീയമായി ആക്ഷേപിക്കുന്ന ശൈലി സിപിഎം നേതാക്കള്‍ തുടരുകയാണ്. കുടുംബശ്രീ ഹോട്ടലുകള്‍ക്ക് സബ്‌സിഡി കുടിശ്ശികയായതിനെതിരേ നടത്തിയ സമരത്തെക്കുറിച്ച് ഇതേ ശൈലിയില്‍ മന്ത്രി എം ബി രാജേഷ് പ്രതികരിച്ചത് കഴിഞ്ഞ ദിവസമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചതുകൊണ്ടാണ് വിജയശതമാനം കൂടിയതെന്ന് വി എസ് അച്യുതാനന്ദന്‍ നടത്തിയ വിഷലിപ്തമായ പ്രസ്താവന കേരളം മറന്നിട്ടില്ല. മലപ്പുറത്തെ പരാമര്‍ശിക്കുമ്പോള്‍ വംശീയതയും ആക്ഷേപങ്ങളും പ്രയോഗിക്കുകയെന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു.
മതനിരപേക്ഷത അധരവ്യായാമം നടത്തുന്ന സിപിഎം നേതാക്കളുടെ വംശീയ അന്തര്‍ധാരകള്‍ പൊതുസമൂഹം തിരിച്ചറിയണമെന്നും കൃഷ്ണന്‍ എരഞ്ഞിക്കല്‍ വ്യക്തമാക്കി.