
സ്വന്തം ലേഖിക.
ന്യൂഡല്‍ഹി: ചോദ്യക്കോഴ കേസില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചതിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര വീണ്ടും ഡല്‍ഹി ഹൈകോടതിയിലേക്ക്.
സ്വമേധയാ ഒഴിയാൻ വിസമ്മതിച്ചാല്‍ ബലം പ്രയോഗിച്ച് പുറത്താക്കേണ്ടി വരുമെന്നും ഭവന നിര്‍മാണ-കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്. വസതി ഒഴിയാൻ മഹുവക്ക് ആവശ്യമായ സമയവും അനുവദിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ ജസ്റ്റിസ് മൻമോഹൻ കോടതിയില്‍ ഉടൻ റിട്ട് ഹര്‍ജി നല്‍കാനാണ് മഹുവയുടെ തീരുമാനം. മഹുവ മൊയ്ത്ര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെന്നും പൊതുതിരഞ്ഞെടുപ്പിന് മുമ്ബുള്ള പാര്‍ലമെന്റ് സമ്മേളനത്തിന്റെ അവസാന ദിവസം മുതല്‍ ഫലപ്രഖ്യാപന ദിവസം വരെ എം.പിമാര്‍ക്ക് അവരുടെ വീടുകളില്‍ താമസിക്കാൻ അനുവാദമുണ്ടെന്നും അവരുടെ അഭിഭാഷകൻ വാദിച്ചു.
ലോക്സഭാംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്നാവശ്യപ്പെട്ട നോട്ടീസിനെതിരെ മഹുവ നല്‍കിയ ഹർജി നേരത്തേ ഡല്‍ഹി ഹൈകോടതി തള്ളിയിരുന്നു. ജനുവരി ഏഴിനകം വസതിയൊഴിയണമെന്നായിരുന്നു നോട്ടീസിലുണ്ടായിരുന്നത്. എം.പി.മാരുടെ ഉള്‍പ്പടെയുള്ള വസതികളുടെയും കേന്ദ്രസര്‍ക്കാരിന്റെ മറ്റു വസ്തുവകകളുടെയും ചുമതല ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിനാണ്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാൻ വ്യവസായിയില്‍ നിന്ന് പണവും ആഡംബര സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ കേസ്. ഡല്‍ഹിയിലെ ടെലഗ്രാഫ് ലെയ്നിലാണ് മഹുവയുടെ ബംഗ്ലാവ്. കഴിഞ്ഞ ഡിസംബറിലാണ് മഹുവയെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.