വീടിനുള്ളിൽ കത്തിച്ച പേപ്പറുകളിൽ നീറ്റ് പരീക്ഷയുടെ 68 ചോദ്യങ്ങൾ, പേപ്പറിൽ പരീക്ഷാകേന്ദ്ര കോ‌ഡും, അവശിഷ്ടങ്ങൾ കണ്ടെത്തിയത് അറസ്റ്റിലായവർ താമസിച്ച വീട്ടിൽ

Spread the love

ന്യൂഡൽഹി: ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തി വിൽപ്പന നടത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറ്റ്‌ന രാമകൃഷ്ണ നഗറിലെ വീട്ടിലെ പരിശോധനയിൽ കത്തിയ അവശിഷ്ടങ്ങളിൽ നീറ്റ് ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തി.

കത്തിച്ച ചോദ്യപേപ്പറുകളിൽ 68 ചോദ്യങ്ങൾ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറിലേതുതന്നെയെന്ന് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായവർ താമസിച്ചിരുന്ന വീട്ടിൽനിന്ന് കണ്ടെടുത്ത കത്തിച്ച ചോദ്യപേപ്പറുകളുടെ അവശിഷ്ടങ്ങളിൽനിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോ‌ഡും കണ്ടെത്തിയതായി ശനിയാഴ്‌ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഇ.ഒ.യു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള സ്വകാര്യ സ്‌കൂളായ ഒയാസിസിലേയ്ക്കുള്ള ചോദ്യപേപ്പറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്‌ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനിടെ, നീറ്റ് ക്രമക്കേടിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റാരോപിതർ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്നാണ് ഹർജിയിലാണ് വാദം. ചോദ്യപേപ്പർ ചോർത്തിയതിന് പിന്നിൽ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടർന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നാണ് വിവരം. നീറ്റ് യു.ജി പരീക്ഷാക്രമക്കേടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തത്. മേയ് അഞ്ചിന് നടത്തിയ നീറ്റ് യു.ജിയിൽ ക്രമക്കേടുകൾ, വഞ്ചന, ആൾമാറാട്ടം, ദുരുപയോഗം എന്നിവ റിപ്പോർട്ട് ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.

സുപ്രീംകോടതി കേന്ദ്രസർക്കാരിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (എൻ.ടി.എ) നോട്ടീസ് അയച്ചിരുന്നു. ജൂലായ് എട്ടിനാണ് ഹർജി പരിഗണിക്കുന്നത്.