റോയല്‍റ്റിയും നികുതികളും വര്‍ധിപ്പിച്ചു; ക്രഷര്‍, ക്വാറി സമരം നിര്‍മാണ മേഖലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടം; പ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന ആവശ്യം ശക്തം
സ്വന്തം ലേഖകൻ
കോട്ടയം: സര്‍ക്കാര്‍ ഭേദഗതി പ്രകാരം റോയല്‍റ്റിയും നികുതികളും വര്‍ധിപ്പിച്ചതോടെ നിർമ്മാണ മേഖല പ്രതിസന്ധിയിലായി. കരിങ്കല്ല്, ക്വാറി പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ക്വാറി, ക്രഷര്‍ ഉടമകള്‍ അനശ്ചിതകാല പണിമുടക്ക് നടത്തി.
ക്രഷര്‍, ക്വാറി സമരം പിൻവലിച്ചെങ്കിലും നിര്‍മാണ മേഖലയിലുണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്.
എം-സാന്‍ഡ്, പി-സാന്‍ഡ്, മെറ്റല്‍ ഉള്‍പ്പെടെ ക്രഷര്‍ ഉത്പന്നങ്ങള്‍ക്കു മൂന്നാഴ്ചയായി വില കുത്തനെ ഉയര്‍ന്നു. ചെറുകിട നിര്‍മാണ മേഖല രണ്ടാഴ്ചയായി സ്തംഭനത്തിലാണ്. ഓരോ ഇനത്തിനും അടിക്കണക്കില്‍ 15 മുതല്‍ 20 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഉയര്‍ന്ന വില നല്കിയാലും ഇപ്പോള്‍ എം-സാന്‍ഡ്, പി-സാന്‍ഡ്, മെറ്റല്‍ എന്നിവ ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു. യാര്‍ഡില്‍ ഇന്നലെ ഒരടി എം-സാന്‍ഡ് വിറ്റത് 110 രൂപയ്ക്കാണ്. നിര്‍മാണ മേഖല സ്തംഭനാവസ്ഥയിലായതോടെ കരാറുകാര്‍ കടക്കെണിയിലേക്കു കൂപ്പുകുത്തി. ഭവനനിര്‍മാണവും കെട്ടിടനിർമാണവും പാതിവഴിയില്‍ നിര്‍ത്തിവച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമരം മൂലം അടിയന്തര സ്വഭാവമുള്ള സര്‍ക്കാര്‍ മേഖലയിലെ നിര്‍മാണം ഉള്‍പ്പെടെ പ്രതിസന്ധിയിലായി. കരാര്‍കാലത്തെ വിലയില്‍നിന്നു നിര്‍മാണ സാധനങ്ങളുടെ വില കൂടിയതു കരാറുകാരെ പ്രതിസന്ധിയിലാക്കി. കോട്ടയം ജില്ലയില്‍ 55 ക്രഷര്‍ യൂണിറ്റും സര്‍ക്കാര്‍ ലീസില്‍ പ്രവര്‍ത്തിക്കുന്ന 14 സ്വകാര്യ ലീസ് ഇനത്തില്‍ 11 ഉള്‍പ്പെടെ 25 കരിങ്കല്ല് ക്വാറികളാണുള്ളത്. ഇവയെല്ലാം അടഞ്ഞുകിടക്കുകയായിരുന്നു.
കാലവര്‍ഷാരംഭത്തിനു മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചു വന്ന നിര്‍മാണമെല്ലാം നിലച്ചെന്നു കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പറയുന്നു. ചെറുകിട പാറമടകള്‍ ആരംഭിച്ചു പ്രശ്നം പരിഹരിക്കണമെന്നാണ് കരാറുകാരുടെ ആവശ്യം. ചെറുകിട പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ സുപ്രിംകോടതി വരെ അനുമതി നല്‍കിയിട്ടുള്ളതാണെന്നും കരാറുകാര്‍ പറയുന്നു.
ബജറ്റ് നിര്‍ദേശങ്ങളിലെ ദോഷങ്ങള്‍ പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നു പരിഹരിക്കുന്നതിനു പകരം ഏകപക്ഷീയമായി വന്‍ വിലവര്‍ധന പ്രഖ്യാപിക്കുകയും അടച്ചിടുകയും ചെയ്തതു പ്രതിഷേധാര്‍ഹമാണ്. ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാൻ സര്‍ക്കാര്‍ മുന്നോട്ടു വരണം. സംരംഭക സംഘടനകളുടെ യോഗം മുഖമന്ത്രി നേരിട്ടു വിളിച്ചു പ്രശ്നം പരിഹരിക്കണം.