
മദ്യശാലകൾക്ക് മുന്നിലെ ക്യൂ: രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി; മദ്യം വാങ്ങാൻ എത്തുന്ന ആൾക്കൂട്ടം പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്നു, ഇത് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: കേരളത്തിലെ മദ്യശാലകൾക്ക് മുന്നിൽ അനിയന്ത്രിതമായി ആളുകൾ ക്യൂ നിൽക്കുന്ന സംഭവത്തിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി.
തൃശൂർ കുറുപ്പം റോഡിലെ മദ്യശാലയ്ക്ക് മുന്നിലെ ആൾക്കുട്ടവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്കും കുട്ടികൾക്കും മദ്യശാലകൾക്ക് മുന്നിലൂടെ നടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
മദ്യം വാങ്ങാൻ എത്തുന്ന ആൾക്കൂട്ടം പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഇത് എന്ത് സന്ദേശമാണ് നൽകുക എന്നും കോടതി ചോദിച്ചു.
മദ്യശാലകൾ പരിഷ്കൃതമായ രീതിയിൽ പ്രവർത്തിക്കേണ്ട സാഹചര്യമുണ്ട്. തിരക്ക് ഒഴിവാക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനും സ്വീകരിക്കുന്ന നടപടികൾ ഓഗസ്റ്റ് 11-നകം അറിയിക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.
അതേസമയം, തിരക്ക് ഒഴിവാക്കാൻ രാവിലെ ഒൻപത് മുതൽ മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ ബോധിപ്പിച്ചു.
തിരക്കുള്ള സ്ഥലങ്ങളിലെ 96 മദ്യശാലകൾ മാറ്റി സ്ഥാപിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.