play-sharp-fill
കോട്ടയം നഗരമധ്യത്തിൽ ക്യു.ആർ.എസ് ഷോറൂമിലെ തീ പിടുത്തം: കത്തിയമർന്നത് വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ; നഷ്ടം മൂന്ന് കോടിയെന്ന് പ്രാഥമിക വിലയിരുത്തൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തി; അട്ടിമറി സാധ്യത തള്ളാതെ അഗ്നി രക്ഷസേന

കോട്ടയം നഗരമധ്യത്തിൽ ക്യു.ആർ.എസ് ഷോറൂമിലെ തീ പിടുത്തം: കത്തിയമർന്നത് വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ; നഷ്ടം മൂന്ന് കോടിയെന്ന് പ്രാഥമിക വിലയിരുത്തൽ; ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തി; അട്ടിമറി സാധ്യത തള്ളാതെ അഗ്നി രക്ഷസേന

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ക്യു.ആർ.എസ് ഷോറൂം അടക്കം മൂന്ന് സ്ഥാപനങ്ങൾ കത്തി നശിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പൂർണമായും തള്ളിക്കളയാതെ അഗ്നി രക്ഷസേന. നഗരമധ്യത്തിൽ തൊട്ടുരുമ്മിയിരിക്കുന്ന സ്ഥാപനങ്ങളിൽ അതി വേഗം തീ പടർന്നിരുന്നെങ്കിൽ വൻ ദുരന്തമായി മാറിയേറെ. പട്ടാപ്പകൽ ഹർത്താൽ ദിനത്തിൽ തീ ആളിപ്പടർന്നത് ഉടൻ തന്നെ യാത്രക്കാർ കണ്ടെത്തിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം എങ്കിലും , അട്ടിമറി സാധ്യത പൂർണമായും അഗ്നി രക്ഷാ സേനാ അധികൃതർ തള്ളിക്കളയുന്നില്ല. വിശദമായ പരിശോധനയിലൂടെ മാത്രമേ തീ പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകു എന്ന നിലപാടിലാണ് അഗ്നി രക്ഷാ സേനാ.
രണ്ട് തട്ടുകളിലായി പ്രവർത്തിക്കുന്ന ക്യു ആർ എസിന്റെ മുകൾ തട്ടിലെ വലത് മൂലയിൽ നിന്നാണ് തീ പടർന്നതെന്നാണ് സംശയിക്കുന്നത്. ഈ ഭാഗത്താണ് സ്ഥാപനത്തിന്റെ എ.സിയുടെ റെഗുലേറ്റർ അടക്കമുള്ളവ. ഈ ഭാഗത്ത് നിന്ന് തീ പടർന്നത് എങ്ങിനെ എന്ന പരിശോധനയാണ് നിലവിൽ നടക്കുന്നത്. മിക്സിയും ,ഇൻവേർട്ടറും ഇലക്ട്രോണിക് ഉപകരണങ്ങളുമാണ് ഈ മുറിയിലുണ്ടായിരുന്നത്. ഇത് പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ക്യൂ ആർ എസിന്റെ മേൽക്കൂരയിൽ നിന്നുള്ള തീ തൊട്ട് ചേർന്ന് തന്നെയുള്ള റോയൽ ഫുട് വെയറിലേയ്ക്കും , അച്യുത പൊതുവാൾ ആൻഡ് സൺസ് എന്ന സ്ഥാപനത്തിലേയ്ക്കും ആളി പടരുകയായിരുന്നു. ഇതാണ് ഈ രണ്ടു സ്ഥാപനങ്ങളിലും കനത്ത നാശം വിതച്ചത്. റോയൽ ഫുട് വെയറിലെ ചെരുപ്പും മറ്റ് സാധനങ്ങളും പുകയും തീയും നിറഞ്ഞ് പൂർണമായും നശിച്ചിട്ടുണ്ട്.
തീ പിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ക്യു ആർ എസ് ഷോറൂമിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോർട്ട് പുറത്ത് വരുന്നതോടെ തീ പിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകും.
ഹർത്താൽ ദിനത്തിൽ പകൽ സമയത്ത് അയതിനാലാണ് തീ പിടുത്തത്തിന്റെ അപകടവും വ്യാപ്തിയും കുറഞ്ഞത്. രാത്രിയിലായിരുന്നെങ്കിൽ വൻ ദുരന്തമായി മാറിയേനെ. കൃത്യ സമയത്ത് തീ പടരും മുൻപ് ഇടപെടാൻ സാധിച്ചതാണ് അപകടം ഒഴിവാക്കിയത്.
60 മുതൽ 80 ലക്ഷം രൂപയുടെ വരെ സ്റ്റോക്ക് ക്യൂ ആർ എസിൽ ഉണ്ടായിരുന്നു. ഇത് ഉപയോഗിക്കാനാവാത്ത വിധം നശിച്ചിട്ടുണ്ട്. സ്ഥാപനത്തിന്റെ മേൽക്കൂരയും , ഭിത്തികളും കനത്ത തീയിലും ചൂടിലും വെന്ത് പൊട്ടിക്കീറിയിട്ടുണ്ട്. വർഷങ്ങളുടെ കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് മൂന്ന് സ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. ഇത്തരം കെട്ടിടങ്ങൾ അപകട ഭീതി ഉയർത്തുന്നുണ്ട്.