
ലോകകപ്പ് ടിക്കറ്റ് ലഭിക്കാത്തവർക്കും ഖത്തറിലെത്താം; സുവർണ അവസരമൊരുക്കി അധികൃതർ.എന്നാൽ ഖത്തറിലേയ്ക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാനായി ഹയ്യാ കാർഡ് അനുവദിച്ച് കിട്ടുന്നതിനായുള്ള ഓൺലൈൻ അപേക്ഷ നടപടി ക്രമങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
ലോകകപ്പ് ടിക്കറ്റ് ഇല്ലാത്ത വിദേശികൾക്കും ഖത്തറിലെത്താൻ അവസരം. ടിക്കറ്റില്ലാത്തവർക്കും ഡിസംബർ രണ്ട് മുതൽ രാജ്യത്ത് എത്തിച്ചേരാനാകുമെന്ന് ലോകകപ്പ് ഒരുക്കങ്ങൾ വിശദീകരിക്കാനായി വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ വെച്ച് ലോകകപ്പ് സുരക്ഷാ വക്താവ് കേണല്‍ ഡോ. ജാബിര്‍ ഹമദ് ജാബിര്‍ അല്‍ നുഐമി അറിയിച്ചു. നിലവിൽ മാച്ച് ടിക്കറ്റുള്ളവർക്ക് മാത്രമാണ് രാജ്യത്ത് പ്രവേശിക്കാനുള്ള ഹയ്യാ കാർഡിനായി അപേക്ഷിക്കാനാവുക. എന്നാൽ ഖത്തറിലേയ്ക്ക് ടിക്കറ്റില്ലാതെ പ്രവേശിക്കാനായി ഹയ്യാ കാർഡ് അനുവദിച്ച് കിട്ടുന്നതിനായുള്ള ഓൺലൈൻ അപേക്ഷ നടപടി ക്രമങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
ഇപ്രകാരം അപേക്ഷിക്കുന്നവരിൽ നിന്നും 500 റിയാൽ ഫീസിനത്തിൽ ഈടാക്കും. 12 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഖത്തർ 2022 മൊബൈൽ ആപ്ളിക്കേഷൻ വഴിയോ ഹയ്യാ പോർട്ടൽ വഴിയോ അപേക്ഷാ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ലോകകപ്പിനോടനുബന്ധിച്ച് ഖത്തർ വേദിയാകുന്ന വിവിധ വിനോദ പരിപാടികളിൽ എല്ലാവർക്കും പങ്കെടുക്കാനാണ് പുതിയ നടപടിക്രമം പ്രഖ്യാപിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി. നവംബർ 20-ന് ആരംഭിക്കുന്ന ഗ്രൂപ്പ് തല മത്സരങ്ങൾ ഡിസംബർ 2-ഓടെ പൂർത്തിയായതിന് ശേഷമായിരിക്കും ടിക്കറ്റില്ലാത്തവർക്കും ഖത്തറിൽ പ്രവേശിക്കാനാവുക.