
ഇരട്ട ഗോളടിച്ച് ഇക്വഡോര്‍..! ഇത് എന്നര്‍ വലന്‍സിയുടെ മിന്നും ജയം; ഇക്വഡോറിന്റെ ബോള്‍ പൊസിഷനിംഗില്‍ കിളി പാറി ഖത്തര്‍; ആതിഥേയര്‍ ആദ്യമത്സരത്തില്‍ തലകുനിച്ചത് ചരിത്രത്തിലാദ്യം
ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇരട്ടഗോളുകളുമായി ഇക്വഡോറിന് മിന്നും ജയം. ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയുടെ മികവിലാണ് ആതിഥേയരായ ഖത്തറിനെ കളിക്കളത്തില്‍ ഇക്വഡോര്‍ മുട്ടുകുത്തിച്ചത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയര്‍ പരാജയപ്പെടുന്നത് ലോകകപ്പ് ചരിത്രത്തിലാദ്യമാണ്. ഫിഫ റാങ്കിങ്ങില്‍ 50-ാം സ്ഥാനത്താണ് ആതിഥേയരായ ഖത്തര്‍ ഫുട്‌ബോള്‍ ടീം. ഇക്വഡോര്‍ 44-ാം സ്ഥാനത്തും. വെള്ളിയാഴ്ച സെനഗലിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. അന്നു തന്നെ ഇക്വഡോര്‍ നെതര്‍ലന്‍ഡ്‌സിനെയും നേരിടും.
16ാം മിനിറ്റിലും 31ാം മിനിറ്റിലുമായിരുന്നു ഇക്വഡോര്‍ ഗോള്‍വല കുലുക്കിയത്. ക്യാപ്റ്റന്‍ വലന്‍സിയയുടെതായിരുന്നു രണ്ടും ഗോളുകളും എന്ന പ്രത്യേകതയുമുണ്ടായിരുന്നു. കളിയുടെ മൂന്നാം മിനുട്ടില്‍ തന്നെ വലന്‍സിയ ഖത്തറിന്റെ വല ചലിപ്പിച്ചെങ്കിലും സഹതാരം ഫെലിക്സ് ടോറസ് ഓഫ് സൈഡായി. ഇതോടെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി ഗോള്‍ നിഷേധിച്ചു. ഈ ഗോള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ വലന്‍സിയയ്ക്ക് ആദ്യ പകുതിയില്‍ത്തന്നെ ഹാട്രിക് തികയ്ക്കാനും അവസരമുണ്ടായിരുന്നു.