പൊതുമരാമത്ത് വകുപ്പിൽ അടിമുടി തട്ടിപ്പ്: പാമ്പാടിയിൽ രണ്ട് ഇഞ്ച് റോഡ് കുഴിച്ച വിജിലൻസ് കണ്ടത് ചെളിയും മണ്ണും: അഴിമതിയിൽ കുഴഞ്ഞ് മറിഞ്ഞ് പൊതുമരാമത്ത് വകുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: പൊതുമരാമത്ത് വകുപ്പിൽ ആകെ നിറഞ്ഞ് അഴിമതി. അഴിമതിയിൽ വകുപ്പ് മുങ്ങിക്കുളിച്ച് നിൽക്കുന്നതിന്റെ നിർണ്ണായക തെളിവുകൾ കോട്ടയം അസി.എക്സിക്യുട്ടീവ് എൻജിനീയർ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് സംഘത്തിന് ലഭിച്ചു. പാമ്പാടിയിൽ റോഡ് പരിശോധിച്ച വിജിലൻസ് സംഘം രണ്ട് ഇഞ്ച് താഴ്ത്തിയപ്പോൾ തന്നെ കണ്ടത് കട്ട ചെളി. ഈ റോഡിൽ നിന്നും ലഭിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി വിജിലൻസ് സംഘം ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് എസ് പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ ഓഫിസിൽ പരിശോധന ആരംഭിച്ചത്. ആദ്യം ഈ ഓഫിസിൽ നിന്നുള്ള ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു. ഫയലുകളിലെ രേഖകളുടെ അടിസ്ഥാനത്തിൽ പാമ്പാടി – ചേന്നമ്പള്ളി റോഡിൽ നിന്നും ആദ്യ സാമ്പിളുകൾ ശേഖരിച്ചു. റോഡിൽ നാല് കിലോമീറ്റർ വ്യത്യാസത്തിൽ മുന്നിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. മൂന്നിടത്തും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മൂന്നിടത്തും രണ്ട് ഇഞ്ച് കനത്തിൽ കുഴിച്ചപ്പോൾ തന്നെ ടാർ മാറി നേരെ ചെളിയാണ് തെളിഞ്ഞത്.മെറ്റലും ടാറും ആവശ്യത്തിന് ചേർത്തിട്ടില്ലെന്ന് പ്രാഥമിക പരിശോധയിൽ തന്നെ വ്യക്തമായിട്ടുണ്ട്. ഇത് കൂടാതെ ഈ ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്കായി ലാബിലേയ്ക്ക് അയക്കുകയും ചെയ്തു.
ചങ്ങനാശേരി തെങ്ങണ കരിക്കണം റോഡിൽ പരിശോധന നടത്തിയെങ്കിലും ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയിട്ടില്ല. എങ്കിലും റോഡിന്റെ ഗുണനിലവാരം കണ്ടെത്തുന്നതിനായി സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് കോട്ടയം വിജിലൻസ് യൂണിറ്റ് കോട്ടയത്തെ ഓഫിസിലും പരിശോധന സംഘടിപ്പിച്ചത്. ഡിവൈഎസ്പിമാരായ എൻ.രാജൻ , മനോജ് , ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, വി.എ നിഷാദ് മോൻ , രാജൻ കെ.അരമന , ജെർളിൻ വി.സ്കറിയ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group