
പാലാ: സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടും റവന്യൂ സർവേ വിഭാഗം ഭൂമി അളന്നുതിരിച്ച് നൽകാത്തതിനാൽ റോഡിനുപയോഗിക്കാൻ കഴിയാതെ പൊതുമരാമത്ത് വകുപ്പ്.
2012-ൽ പൊതുമരാമത്ത് റോഡ്സ് വിഭാഗം സ്ഥലം ഉടമകൾക്ക് വില നൽകി ഏറ്റെടുത്തിരുന്നു. ചില സ്ഥലങ്ങളിൽ വീതി കൂട്ടുകയും ചെയ്തു. 40 ഉടമകൾക്കാണ് വില നൽകിയത്. ളാലം, ഭരണങ്ങാനം, തലപ്പലം, ഈരാറ്റുപേട്ട വില്ലേജുകളിൽ ഉൾപ്പെട്ടതാണ് ഏറ്റെടുത്ത സ്ഥലങ്ങൾ.
പാലാ-ഈരാറ്റുപേട്ട റോഡിലെ വളവുകൾ നിവർത്തുന്നതിനും വീതി കൂട്ടുന്നതിനുമുള്ള പദ്ധതിയാണ് ഒരു പതിറ്റാണ്ടായി വൈകുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് അളന്നു തിരിച്ച് നൽകുന്നത് വൈകുന്നതിന് കാരണമെന്ന് സർവേ വിഭാഗം മീനച്ചിൽ താലൂക്ക് വികസന സമിതിയിൽ നൽകിയ വിശദീകരണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയുടെ ഭാഗമായ പാലാമുതൽ ഈരാറ്റുപേട്ട വരെയുള്ള ഭാഗത്ത് വിവിധ സ്ഥലങ്ങളാണ് ഇത്തരത്തിൽ സ്ഥലമുടമകളുടെ പക്കൽ തുടരുന്നത്.
ഇതുസംബന്ധിച്ച് നിരവധി തവണ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗത്തിൽ പരാതികളുയർന്നതാണ്. ഒന്നര വർഷമായി താലൂക്ക് വികസന സമിതിയിൽ പൊതുമരാമത്ത് വകുപ്പ് അധികൃതരും താലൂക്ക് വികസന സമിതിയംഗങ്ങളും ആവശ്യപ്പെടുന്നതാണ്. ഓരോ തവണയും സർവേ വിഭാഗത്തോട് നടപടിയെടുക്കാൻ റവന്യൂ അധികൃതരും ആവശ്യപ്പെടുന്നതാണെങ്കിലും നടപടി സ്വീകരിക്കുന്നില്ല.
അധികൃതരുടെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടാകുന്നതുമൂലം പാലാ-ഈരാറ്റുപേട്ട റോഡിലെ വളവുകൾ നിവർക്കുന്നതിനും വീതി കൂട്ടുന്നതിനും സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇതുമൂലം അപകടങ്ങളും കൂടുകയാണ്.



