സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹ ഉദ്യോഗസ്ഥന് സമര്‍പ്പിക്കുന്ന വിവാഹ നോട്ടീസ് രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന നടപടി നിര്‍ത്തിവെയ്ക്കുന്നതിന് നിര്‍ദേശം നല്‍കിയതായി പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍. നോട്ടീസ് സബ് രജിസ്ട്രാര്‍ ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
1954ലെ പ്രത്യേക വിവാഹ നിയമപ്രകാരം വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ നിയമാനുസരമുള്ള നോട്ടീസ് വിവാഹ ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇപ്രകാരം ലഭിക്കുന്ന നോട്ടീസ് വിവാഹ നിയമത്തിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം ബന്ധപ്പെട്ട ഓഫീസുകളില്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനശ്രദ്ധയ്ക്കായും വിവാഹം സംബന്ധിച്ച് നിയമപരമായ എതിര്‍പ്പുണ്ടെങ്കില്‍ ആയത് സമര്‍പ്പിക്കുന്നതിനുമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്. 2018ലെ പ്രത്യേക വിവാഹ നിയമത്തിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി അപേക്ഷകരുടെ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് തീരുമാനിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേക നിയമപ്രകാരമുള്ള വിവാഹങ്ങള്‍ ഉള്‍പ്പെടെ രജിസ്‌ട്രേഷന്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ സേവനങ്ങളായി മാറിയതോട് കൂടി ഫോട്ടോയും മേല്‍വിലാസവും സഹിതമുള്ള വിവാഹ നോട്ടീസുകള്‍ 2019 മുതല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.
എന്നാല്‍ ഇങ്ങനെ പ്രസിദ്ധീകരിക്കുന്ന നോട്ടീസുകള്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വര്‍ഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് ജി സുധാകരന്‍ പറഞ്ഞു.
വിവാഹ നോട്ടീസുകള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് പകരം നോട്ടീസ് അപേക്ഷകരുടെ വാസസ്ഥലം ഉള്‍പ്പെടുന്ന സബ് രജിസ്ട്രാര്‍ ഓഫീസുകളുടെ നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം പ്രസിദ്ധീകരിച്ചാല്‍ മതിയാകുമെന്ന് നിര്‍ദേശം നല്‍കിയതായും ജി സുധാകരന്‍ പറഞ്ഞു.