പേര് പതിമുഖം; കിട്ടുന്നത് മായം കലർന്ന റബർ പൊടി: വെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊടും വിഷം..!

പേര് പതിമുഖം; കിട്ടുന്നത് മായം കലർന്ന റബർ പൊടി: വെള്ളത്തിൽ കലക്കി കുടിക്കുന്നത് കൊടും വിഷം..!

ഏ.കെ ശ്രീകുമാർ

കോട്ടയം: പതിമുഖമെന്ന പേരിൽ വെള്ളം തിളപ്പിച്ച് കുടിക്കാൻ വിപണിയിൽ എത്തുന്നത് കൊടും വിഷം. റബർ തടിയുടെയും, പ്ലൈവുഡിന്റെയും പൊടിയാണ് നിറം ചേർത്ത് പതിമുഖം എന്ന പേരിൽ വിപണിയിൽ എത്തുന്നതെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. പതിമുഖത്തിന്റെ നിറം ലഭിക്കാൻ റബർ പൊടിയിൽ നിറം ചേർക്കുന്നതോടെ വെള്ളം തിളപ്പിക്കാൻ ഇത് ഉപയോഗിക്കുമ്പോൾ കൊടിയ വിഷമാണ് വെള്ളത്തിൽ കലരുന്നത്.
പെരുമ്പാവൂരിൽ നിന്നാണ് സംസ്ഥാനത്ത് പ്രധാനമായും പതിമുഖം എത്തുന്നത്. ഒരു പ്രത്യേക തരം മരത്തിന്റെ തടിയിൽ നിന്നും ചെത്തിയെടുക്കുന്ന പ്രത്യേക തരം സുഗന്ധമുള്ള പൊടിയാണ് പതിമുഖം. ഇത് ഇട്ട് തിളപ്പിച്ച് വെള്ളം കുടിക്കുമ്പോൾ ശരീരത്തിന് തണുപ്പും, ഉന്മേഷവും കിട്ടുമെന്നാണ് പറയുന്നത്.
എന്നാൽ, നിലവിൽ വിപണിയിൽ ഇറങ്ങുന്ന പതിമുഖത്തിൽ 90 ശതമാനവും മായമാണെന്നാണ് കണ്ടൈത്തിയിരിക്കുന്നത്. പെരുമ്പാവൂരിലെ റബർ പ്ലൈവുഡ് ഫാക്ടറികളിൽ നിന്നാണ് ഇവർ മരത്തിന്റെ പൊടി ശേഖരിക്കുന്നത്. റബർ തടികളും മറ്റ് വില കുറഞ്ഞ തടികളും ഉപയോഗിച്ചാണ് പ്ലൈവുഡ് നിർമ്മിക്കുന്നത്.  പ്ലൈവുഡ് നിർമ്മിക്കുമ്പോൾ ലഭിക്കുന്ന അവശിഷ്ടങ്ങളാണ് ഇപ്പോൾ പതിമുഖം എന്ന പേരിൽ കളർ ചേർത്ത് വിപണിയിൽ ഇറങ്ങുന്നത്.
തടിമുറിക്കുമ്പോൾ ലഭിക്കുന്ന പൊടിയിൽ നിറം ചേർക്കും. തുടർന്ന് നിറം പിടിക്കാൻ ഇവ നന്നായി ചൂടാക്കും. അൻപത് ശതമാനം യഥാർത്ഥ പതിമുഖവും, ബാക്കി റബർ പൊടിയുമാണ് ചേർക്കുന്നത്. അതുകൊണ്ടു തന്നെ ഒറ്റ പരിശോധനയിൽ പതിമുഖം ഏത് റബർ പൊടി ഏത് എന്ന് വ്യക്തമാകുകയുമില്ല. തുടർന്ന് ഇവ പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിൽ റബർ പൊടി കലർന്ന പതിമുഖം കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. റബർ മരത്തിന്റെ പൊടി അടക്കമുള്ളവ ഉള്ളിൽ ചെന്നാൽ, ഇതിലെ വിഷാംശം ശാരീരിക മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും. വെള്ളത്തിനൊപ്പമായതിനാൽ തന്നെ ഇരട്ടി ദോഷഫലമാണ് ഇത് ഉണ്ടാക്കുക. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ ലഭിച്ചിട്ടും ഭക്ഷ്യ സുരക്ഷാ വകുപ്പ് അട്ക്കം ഇതുവരെയും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.