video
play-sharp-fill

സി.പി.ഐ.എം. വിട്ട് പോകുന്നവര്‍ക്ക് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളെക്കൂടെ അതിജീവിക്കാന്‍ ശേഷിയുണ്ടാകണം:പി.വി. അൻവറിനതുണ്ടാകുമോ? അതോ മുന്‍ എം.എല്‍.എ സെൽവരാജിന്റെ അവസ്ഥയാകുമോ? അൻവറിന്റെ പോക്ക് രാഷ്ട്രീയ മണ്ടത്തരത്തിലേക്കോ?

സി.പി.ഐ.എം. വിട്ട് പോകുന്നവര്‍ക്ക് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളെക്കൂടെ അതിജീവിക്കാന്‍ ശേഷിയുണ്ടാകണം:പി.വി. അൻവറിനതുണ്ടാകുമോ? അതോ മുന്‍ എം.എല്‍.എ സെൽവരാജിന്റെ അവസ്ഥയാകുമോ? അൻവറിന്റെ പോക്ക് രാഷ്ട്രീയ മണ്ടത്തരത്തിലേക്കോ?

Spread the love

തിരുവനന്തപുരം: പി.വി. അന്‍വറിന് മുഖ്യമന്ത്രി പിണറായി വിജയനെയും എല്‍.ഡി.എഫ്. സംവിധാനത്തെയും ഒക്കെ വെല്ലുവിളിച്ച്‌ നടത്തിയ എടുത്തുചാട്ടം അക്ഷരാര്‍ത്ഥത്തില്‍ ഗുണം പിടിക്കുമോ എന്നതാണ് നോക്കിക്കാണേണ്ടത്. എല്‍.ഡി.എഫ്. പിന്തുണയിലാണ് പി.വി. അന്‍വര്‍ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് വിജയിച്ച്‌ എം.എല്‍.എ. ആയത്. അതുവരെ കോണ്‍ഗ്രസിന്റെ അല്ലെങ്കില്‍ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളില്‍ ഒന്നായിരുന്നു നിലമ്പൂര്‍. ആ കോട്ട തകര്‍ത്തുകൊണ്ടാണ് പി.വി. അന്‍വര്‍ രണ്ടു പ്രാവശ്യം തുടര്‍ച്ചയായി നിലമ്പൂരില്‍ നിന്ന് എം.എല്‍.എ. ആയത്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ്. മുന്നണിയ്ക്കും പ്രത്യേകിച്ച്‌ സി.പി.എമ്മിനും വളരെ സ്വീകാര്യനായിരുന്നു അന്‍വര്‍.

എന്നാല്‍ ഇപ്പോള്‍ അവരുമായി ഇടഞ്ഞ് നിലമ്പ്യൂരിലെ എം.എല്‍.എ. സ്ഥാനം രാജിവെച്ച്‌ യു.ഡി.എഫിലേയ്ക്ക് ചേക്കേറാന്‍ നോക്കുകയാണ്. നിലവില്‍ ദേശീയ തലത്തില്‍ ഇന്ത്യാ മുന്നണിയുടെ സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ പ്രമുഖ വക്താവായിട്ടാണ് പി.വി. അന്‍വര്‍ നില്‍ക്കുന്നത്. എം.എല്‍.എ. സ്ഥാനം രാജിവെച്ച്‌ നാളിതുവരെ ആയെങ്കിലും പി.വി. അന്‍വറിന്റെ യു.ഡി.എഫ്. പ്രവേശം കീറാമുട്ടിയായി നില്‍ക്കുകയാണ്. അന്‍വര്‍ യു.ഡി.എഫ്. പ്രവേശനവുമായി ബന്ധപ്പെട്ട് പലവഴിക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അതിനൊരു തീരുമാനം ആയിക്കാണുന്നില്ലെന്നതാണ് വാസ്തവം.

ഈ അവസരത്തില്‍ ഇതുപോലെ ഒരു മുന്‍ എം.എല്‍.എ. ഉണ്ടായിരുന്നു. ഇന്ന് അദ്ദേഹത്തെ അധികം ആരും അറിയുന്നുകൂടിയില്ല. അതാണ് നെയ്യാറ്റികരയുടെയും പാറശ്ശാലയുടെയുമൊക്കെ മുന്‍ എം.എല്‍.എ.യും ഒരു കാലത്ത് തിരുവനന്തപുരം ജില്ലയിലെ സി.പി.എമ്മിന്റെ കരുത്തനായ നേതാവുമായിരുന്ന ആര്‍. സെല്‍വരാജ്. അന്‍വറിനും സെല്‍വരാജിനും ഒരു വ്യത്യാസം മാത്രമേയുള്ളൂ. പി.വി. അന്‍വര്‍ സി.പി.എം. സ്വതന്ത്രനായിരുന്നെങ്കില്‍ സെല്‍വരാജ് കറകളഞ്ഞ സി.പി.എം. ആയിരുന്നു എന്നത് മാത്രം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെറിയൊരു ഭൂരിപക്ഷത്തിന് അധികാരമേറ്റപ്പോള്‍ ആ സര്‍ക്കാരിനെ ഒന്നുകൂടി ഭൂരിപക്ഷത്തില്‍ ഉറപ്പിച്ച്‌ നിര്‍ത്താന്‍ ഒരു സുപ്രഭാതത്തില്‍ സി.പി.ഐ.എമ്മില്‍ നിന്നും എം.എല്‍.എ. സ്ഥാനത്ത് നിന്നും രാജിവച്ച്‌ യു.ഡി.എഫ്. പാളയത്തിലെത്തിയ രാഷ്ട്രീയ നേതാവായിരുന്നു ആര്‍. സെല്‍വരാജ്. സെല്‍വരാജിനെ അന്ന് സി.പി.എമ്മില്‍ നിന്ന് രാജിവെപ്പിച്ച്‌ കോണ്‍ഗ്രസ് പാളയത്തിലേയ്ക്ക് കൊണ്ടുവരാന്‍ പി.സി. ജോര്‍ജാണ് മുന്‍കൈ എടുത്തതെന്നുള്ള ചര്‍ച്ച അക്കാലത്ത് ഉണ്ടായിരുന്നു. സെല്‍വരാജിന്റെ അന്നത്തെ ആ രാഷ്ട്രീയ നീക്കം ശരിക്കും രാഷ്ട്രീയ കേരളത്തെ ആകമാനം ഞെട്ടിച്ച ഒന്നായിരുന്നു. അന്‍വറിനെ പോലെയല്ല സെല്‍വരാജ്, അദ്ദേഹം സി.പി.ഐ.എം. മെമ്പറായിരുന്നു. ദീര്‍ഘകാലം സി.പി.ഐ.എമ്മിന്റെ പാറശ്ശാല ഏരിയാ സെക്രട്ടറിയായിരുന്നു. സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയിലുമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെല്‍വരാജ് ആദ്യമായി പാറശ്ശാല മണ്ഡലത്തില്‍ നിന്നാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ അന്ന് യു.ഡി.എഫിലെ സുന്ദരന്‍ നാടാരോട് പരാജയപ്പെട്ട സെല്‍വരാജ് തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍, അതായത് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതേ സുന്ദരന്‍ നാടാരെ പരാജയപ്പെടുത്തി സി.പി.ഐ എം. പ്രതിനിധിയായി കേരള നിയമസഭയിലെത്തുകയായിരുന്നു. തുടര്‍ന്ന് 2011-ല്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യു.ഡി.എഫിലെ തമ്പാനൂര്‍ രവിയെ പരാജയപ്പെടുത്തി ആറായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച സെല്‍വരാജ് 2012 മാര്‍ച്ച്‌ 9 ന് സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ചു. ആത്മഹത്യ ചെയ്യേണ്ടി വന്നാലും യു.ഡി.എഫില്‍ ചേരില്ല എന്ന് മാധ്യമങ്ങളോട് പ്രതികരിച്ച സെല്‍വരാജിനെ രാഷ്ട്രീയ കേരളം ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും.

അധികം താമസിയാതെ സെല്‍വരാജ് യു.ഡി.എഫ്. പാളയത്തിലെത്തി. തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെല്‍വരാജ് വിജയിക്കുകയും ചെയ്തു. എന്നാല്‍ 2016-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കര മണ്ഡലം സെല്‍വരാജിന്റെ കയ്യില്‍ നിന്നും എല്‍.ഡി.എഫ്. പിടിച്ചെടുത്തു. അവിടെ തീര്‍ന്നു സെല്‍വരാജിന്റെ രാഷ്ട്രീയ പ്രസക്തി.

ചിന്തിച്ചാല്‍ പി.വി. അന്‍വറും അതുപോലെയാണ് പോകുന്നതെന്ന് തോന്നിപ്പോകും. ആര്യാടന്‍ മുഹമ്മദ് എന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് കുത്തകയാക്കിവെച്ചിരുന്ന നിലമ്പൂര്‍ മണ്ഡലം തന്റെ കാലശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്തിന് ആയിരിക്കണമെന്ന താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതിനെ വെല്ലുവിളിച്ച്‌ രംഗത്തെത്തിയ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പി.വി. അന്‍വറെ എല്‍.ഡി.എഫ്. പിന്തുണകൊടുത്ത് സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിച്ച്‌ എം.എല്‍.എ. ആക്കുകയായിരുന്നു. ആദ്യത്തെ തിരഞ്ഞെടുപ്പില്‍ അന്‍വര്‍ തോല്‍പ്പിച്ചത് ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ്. പിന്നീട് അവിടെ അന്‍വറിന് പരാജയം ഏല്‍ക്കേണ്ടി വന്നിട്ടില്ല. ആ അന്‍വറാണ് ഇന്ന് യു.ഡി.എഫ്. പ്രവേശനവും കാത്ത് അവരുടെ വാതിലിന് മുന്നില്‍ കെട്ടിക്കിടക്കുന്നത്. ഇത് ഒരു രാഷ്ട്രീയ ആത്മഹത്യയായി മാറുമോ എന്നതാണ് നോക്കിക്കാണേണ്ടത്.

ഇന്ന് രാഷ്ട്രീയ കേരളത്തിന്റെ ഓര്‍മ്മയില്‍ പോലും ആര്‍. സെല്‍വരാജ് എന്ന നേതാവില്ല. ഒരു പ്രബല ഭരണ വര്‍ഗ്ഗ പാര്‍ട്ടിയില്‍ ചേക്കേറിയിട്ട് പോലും അദ്ദേഹത്തിന് രാഷ്ട്രീയമായി നിലനില്‍ക്കാന്‍ കഴിഞ്ഞില്ല. സെല്‍വരാജ് എവിടെയാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് പോലും അറിയാന്‍ കഴിയാതായിരിക്കുന്നു. ആരും ഓര്‍മ്മിക്കുന്നുമില്ല. ഒരിടത്തും എത്തിപ്പെടാന്‍ പറ്റിയില്ലെങ്കില്‍ പി.വി. അന്‍വറിന്റെ ഗതിയും ഇതുതന്നെയാകാനാണ് സാധ്യത. അന്‍വറും സെല്‍വരാജും ഒരു കാലത്ത് എങ്ങനെ നടന്ന നേതാക്കള്‍ ആയിരുന്നെന്നും ഓര്‍ക്കണം. സി.പി.ഐ.എം. വിട്ട് പോകുന്നവര്‍ക്ക് സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രങ്ങളെക്കൂടെ അതിജീവിക്കാന്‍ ശേഷിയുണ്ടാകണം.

അതില്ലാത്തവര്‍ അതിന് തുനിയുന്നത് രാഷ്ട്രീയ മണ്ടത്തരമാണെന്ന് പറയാതിരിക്കാന്‍ വയ്യ. വളര്‍ത്തി വലുതാക്കിയ സ്വന്തം പാളയം വിട്ട് മറുചേരിയിലേയ്ക്ക് എടുത്തു ചാടുന്നവര്‍ക്കെല്ലാം ഇതൊരു പാഠമാകട്ടെ. ഉടനെ ഒരു നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാം. അതില്‍ പി.വി. അന്‍വറിനുള്ള റോള്‍ എന്താണെന്ന് കാത്തിരുന്നു കാണാം. അതുംകൂടി നോക്കിയാവാം പി.വി. അന്‍വറുടെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുക.