
പി.വി. അൻവറിനെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പണി കിട്ടി: ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജിയെ സസ്പെൻഡു ചെയ്തു: ഇനിയും ചിലരുടെ തൊപ്പി തെറിക്കും: സർക്കാർ നടപടി തുടങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി എം.ആർ അജിത്കുമാറിനുമെതിരേ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിച്ച പോലീസുദ്യോഗസ്ഥർക്കെതിരേ നടപടി തുടങ്ങി സർക്കാർ.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണത്തിന്‍റെ രഹസ്യരേഖകള്‍ എം.എല്‍.എയായിരുന്ന പി.വി.അൻവറിന് ചോർത്തി നല്‍കിയ ഡിവൈ.എസ്.പിയെ സസ്പെൻഷൻഡ് ചെയ്തു.
പോലീസ് മേധാവിയുടെ ശുപാർശ അംഗീകരിച്ച് ഡിവൈ.എസ്.പി എം.ഐ.ഷാജിയെയാണ് ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഷാജി, മേലുദ്യോഗസ്ഥരോടുള്ള പ്രതികാരം തീർക്കാൻ അന്വേഷണ റിപ്പോർട്ട് ചോർത്തിയെന്ന് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തി.
ഷാജിയുടെ ടൂർ നോട്ട്, വെഹിക്കിള്‍ ഡയറി, വീക്ക്ലി ഡയറി, സ്വകാര്യ നമ്പറിലെ ഫോണ്‍വിളി രേഖകള്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഉന്നത പൊലീസുദ്യോഗസ്ഥർക്കെതിരേ രഹസ്യനീക്കം നടത്തിയതായി കണ്ടെത്തി. ചില രാഷ്ട്രീയക്കാർ സൃഷ്ടിച്ച സാഹചര്യം ചൂഷണം ചെയ്യുകയായിരുന്നു ലക്ഷ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ റിപ്പോർട്ട് സെൻസേഷൻ കേസിലെ പുറത്ത് നല്‍കിയത് മുതിർന്ന ഉദ്യോഗസ്ഥനോടുള്ള പ്രതികാരം തീർക്കാനാണ്. മറ്റൊരാളുടെ വിലാസത്തിലെടുത്ത സിം കാർഡ് ഷാജി ഉപയോഗിച്ചതായും മലപ്പുറത്തെ പൊലീസുദ്യോഗസ്ഥർക്ക് എതിരായ വിവാദങ്ങളുടെ സൂത്രധാരന്മാരുമായി ഷാജി ബന്ധപ്പെട്ടതായും കണ്ടെത്തി.
രഹസ്യരേഖയായ അന്വേഷണ റിപ്പോർട്ടുകള്‍, പുറമെയുള്ളവർക്ക് ചോർത്തിയത് ഗുരുതര കുറ്റമാണ്. ഈ രേഖകള്‍ പി.വി അൻവർ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പൊലീസുദ്യോഗസ്ഥർക്കെതിരേ ആരോപണമുന്നയിച്ചു.
രേഖകള്‍ ചോർന്നതില്‍ ഷാജിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതിനെത്തുടർന്ന് അച്ചടക്ക നടപടിയെടുക്കാൻ ഡിജിപി ശുപാർശ ചെയ്യുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഷാജി കുറ്റക്കാരനാണെന്ന് കണ്ടാണ് സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
അന്വേഷണത്തിന് ഉദ്യോഗസ്ഥരുടെ പാനല്‍ ഡിജിപി ഉടൻ നല്‍കാനും നിർദ്ദേശിച്ചു. ആരോപണമുയർന്നപ്പോള്‍ തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമിലായിരുന്ന ഷാജിയെ കാസർകോട്ടേക്ക് മാറ്റിയിരുന്നു.
ആശ്രമംകത്തിച്ച കേസില്‍ പൊലീസ് കേസ് വഴിതിരിച്ചുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് അൻവർ ഉന്നയിച്ചത്. പ്രതികളെ രക്ഷിക്കാൻ ശ്രമമുണ്ടായി. കേസന്വേഷിച്ച ഡിവൈ.എസ്.പി. വിരമിച്ചശേഷം ബിജെപിയുടെ ബൂത്ത് ഏജന്റായി.
സന്ദീപാനന്ദഗിരിയാണ് ആശ്രമം കത്തിച്ചതെന്ന് പൊലീസ് പ്രചരിപ്പിച്ചു. ഒരുഘട്ടത്തില്‍ സന്ദീപാനന്ദഗിരിയെ കേസില്‍ കുടുക്കാൻവരെ നോക്കി. സ്വാമിക്ക് പേരെടുക്കാൻ വേണ്ടിയാണ് ആശ്രമം കത്തിച്ചത് എന്ന പ്രചാരണമുണ്ടായി. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.
കേസ് സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ട് എഡിജിപി എം.ആർ.അജിത്കുമാറിന്റെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.കെ.ശശിയുടെയും നേതൃത്വത്തില്‍ മുക്കി. ഇപ്പോഴും റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടിട്ടില്ല.
മുഖ്യമന്ത്രി വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു – ഇതായിരുന്നു അൻവറിന്റെ ആരോപണം. ഇത് സാധൂകരിക്കാനാണ് അന്വേഷണ രേഖകള്‍ അൻവർ പുറത്തുവിട്ടത്. ഇത് പോലീസില്‍ നിന്ന് പുറമെയുള്ളവർക്ക് സാധാരണ ഗതിയില്‍ ലഭിക്കാത്തവയായിരുന്നു.