നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു: മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്.

Spread the love

കോഴിക്കോട്: നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി തുടരുന്ന ബേപ്പൂരില്‍ ഇക്കുറി പോരാട്ടം പ്രവചനാതീതമാകുന്നു.
മന്ത്രി മുഹമ്മദ് റിയാസിനെതിരെ മുൻ ഇടത് സഹയാത്രികൻ പി.വി അൻവർ യു.ഡി.എഫ് പിന്തുണയോടെ കളം നിറയുന്നത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുകയാണ്.

video
play-sharp-fill

പി.വി അൻവർ ബേപ്പൂരില്‍ കേന്ദ്രീകരിച്ച്‌ പ്രവർത്തനം തുടങ്ങയിത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് മേല്‍ സമ്മർദ്ദമായിട്ടുണ്ട്. മന്ത്രിയെന്ന നിലയിലുളള ഉത്തരവാദിത്തം പോലും മറന്ന് മുഹമ്മദ് റിയാസ് ബേപ്പൂരില്‍ തന്നെ തങ്ങുകയായിരുന്നു.

മന്ത്രി റിയാസിനെ ബേപ്പൂരില്‍ തന്നെ തളച്ചിടാൻ കഴിഞ്ഞത് അൻവറിൻെറ രാഷ്ട്രീയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. നിയമസഭ സമ്മേളനത്തില്‍ ചുരുക്കം ദിവസങ്ങളില്‍ മാത്രമാണ് റിയാസ് പങ്കെടുത്തത്.
പാർട്ടിയുടെ സംസ്ഥാന സമിതി യോഗത്തില്‍ അടക്കം പങ്കെടുക്കാതെ ബേപ്പൂരില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. അൻവറിൻെറ ബേപ്പൂരിലേക്കുളള കടന്നുവരവിനെ ആദ്യം നിസാരമായി തളളിയ റിയാസിൻെറ ഈ മാറ്റം ഇടത് കേന്ദ്രങ്ങളെ പോലും അമ്പരപ്പിച്ചിട്ടുണ്ട്.
നേരത്തെ സർക്കാരിന് എതിരായി വരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ എപ്പോഴും മുന്നില്‍ നിന്നിരുന്ന റിയാസിനെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുതല്‍ കാണാനില്ല.
കോഴിക്കോട് നഗരസഭയിലെ പരസ്യ പ്രചരണം സമാപിക്കുന്ന ദിവസം മാധ്യമങ്ങള്‍ക്ക് പ്രതികരണം നല്‍കിയതൊഴിച്ചാല്‍ അടുത്തകാലത്ത് റിയാസില്‍ നിന്ന് രാഷ്ട്രീയ പ്രതികരണങ്ങള്‍ ഉണ്ടാകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്വർണക്കൊളള വിഷയത്തില്‍ നിയമസഭയില്‍ സർക്കാരിനെ പ്രതിരോധിക്കാൻ എം.ബി.രാജേഷും പി.രാജീവും കെ.എൻ. ബാലഗോപാലും വി.ശിവൻകുട്ടിയും എല്ലാം അണിനിരന്നപ്പോഴും റിയാസിനെ മാത്രം കണ്ടില്ല.

നിയമസഭയില്‍ പൊതുമരാമത്ത് -ടൂറിസം വകുപ്പുകളെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കും മന്ത്രി റിയാസിൻെറ അഭാവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോർജാണ് മറുപടി പറഞ്ഞത്.
ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും അത് മുഖ്യമന്ത്രിക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹത്തിൻെറ കുടുംബാംഗം കൂടിയായ മന്ത്രി മുഹമ്മദ് റിയാസിൻെറ പിന്മാറ്റം എന്നാണ് സൂചന.
നിരന്തരം പ്രതികരണങ്ങള്‍ നടത്തി എതിർപ്പെല്ലാം ഏറ്റുവാങ്ങേണ്ടെന്ന തിരിച്ചറിവും പിന്നോട്ട് വലിയലിന് റിയാസിന് പ്രേരണയായിട്ടുണ്ട്.

ബേപ്പൂരില്‍ പി.വി.അൻവർ ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിക്കാൻ കഴിഞ്ഞില്ലെങ്കില്‍ അത് മുഹമ്മദ് റിയാസിൻെറ രാഷ്ട്രീയ ജീവിതത്തിന് തന്നെ വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

അതുകൊണ്ടുതന്നെ പി.വി. അൻവർ ഉയർത്തുന്ന വെല്ലുവിളി ലഘുവായി കാണാൻ സി.പി.എമ്മിന് സാധിക്കില്ല. റിയാസിന് തന്റെ മണ്ഡലം സംരക്ഷിക്കാൻ കൂടുതല്‍ വിയർപ്പൊഴുക്കേണ്ടി വരുമെന്നുറപ്പാണ്.
മലബാർ രാഷ്ട്രീയത്തില്‍ നിർണ്ണായകമായ ഒരു മാറ്റത്തിന്റെ തുടക്കമാണോ ബേപ്പൂരില്‍ സംഭവിക്കുന്നത് എന്ന് വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ വ്യക്തമാക്കും.
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ പരിശോധിച്ചാല്‍ ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്ന് കാണാം.

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ യു.ഡി.എഫിന് പുതിയ പ്രതീക്ഷ നല്‍കുന്നു “അൻവർ ഒരു മൂന്നാം കക്ഷിയായല്ല, മറിച്ച്‌ ഇടത് വോട്ടുകള്‍ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ഘടകമായാണ് ബേപ്പൂരില്‍ വിലയിരുത്തപ്പെടുന്നത്.

ഇത് യു.ഡി.എഫിന് ഗുണകരമാകുമോ അതോ ത്രികോണ മത്സരത്തിലേക്ക് വഴിമാറുമോ എന്നത് കണ്ടറിയണം.” ഇതാണ് രാഷ്ട്രീയ നിരീക്ഷകർ ഒന്നടങ്കം പ്രകടിപ്പിക്കുന്ന അഭിപ്രായം.
2021-ല്‍ ഏകദേശം 29,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന ബേപ്പൂർ മണ്ഡലത്തില്‍, ഏറ്റവും പുതിയ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ലീഡ് വെറും 1,340 വോട്ടിലേക്ക് ചുരുങ്ങിയിട്ടുണ്ട്.
ഈ ‘തരംഗമാണ്’ അൻവറിനെ പോലുള്ള ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ യു.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്.അൻവറിൻെറ വരവ് റിയാസിന് മുന്നില്‍ ചില കൃത്യമായ വെല്ലുവിളികള്‍ ഉയർത്തുന്നുണ്ട്.

നിലമ്പൂരിലെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്ക് ശേഷം ബേപ്പൂരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പി.വി. അൻവർ പ്രധാനമായും ലക്ഷ്യം വെക്കുന്നത് ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലുകളാണ്.

പിണറായിസത്തിനും മരുമോനിസത്തിനും എതിരായ മത്സരം എന്ന് പ്രഖ്യാപിച്ച്‌ ബേപ്പൂരില്‍ കളം നിറയുന്ന അൻവർ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നത്.
സർക്കാരിനെതിരെ ഉയർത്തുന്ന അഴിമതി ആരോപണങ്ങളും പോലീസ് നയങ്ങളോടുള്ള എതിർപ്പും തീരദേശ മേഖലകളില്‍ ചർച്ചയാക്കാൻ അദ്ദേഹം ശ്രമിക്കുന്നു.

ബേപ്പൂരില്‍ നിർണ്ണായകമായ മുസ്ലിം ലീഗ് വോട്ടുകള്‍ അൻവറിന് അനുകൂലമായി ഏകീകരിക്കപ്പെട്ടാല്‍ അത് മുഹമ്മദ് റിയാസിന് വലിയ വെല്ലുവിളിയാകും.

മണ്ഡലത്തിലെ വോട്ടുകള്‍ ചോരുന്നത് തടയാൻ റിയാസ് ബേപ്പൂരില്‍ തന്നെ കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരുന്നത് അദ്ദേഹത്തിന്റെ സംസ്ഥാനതല ഇടപെടലുകളെ ബാധിക്കുന്നുണ്ട്.
നിലവില്‍ ‘വികസന മുന്നേറ്റ ജാഥ’യുമായി റിയാസ് മണ്ഡലത്തില്‍ സജീവമാണ്. ബേപ്പൂർ നഷ്ടപ്പെടുന്നത് സി.പി.എമ്മിനും പ്രത്യേകിച്ച്‌ മുഹമ്മദ് റിയാസിനും വ്യക്തിപരമായി വലിയ തിരിച്ചടിയാകും.

അതിനാല്‍, താഴേത്തട്ടില്‍ ഓരോ വോട്ടും ഉറപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് പാർട്ടി സംവിധാനം. വികസന പ്രവർത്തനങ്ങളും മന്ത്രിയുടെ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻെറ താല്‍പര്യത്തില്‍ റിയാസ് ജില്ലാ നേതൃത്വത്തില്‍ അവരോധിച്ച നേതാവാണ് സിപിഎമ്മിൻെറ കോഴിക്കോട് ജില്ലാ സെക്രട്ടറി എം.മെഹബൂബ്.
എ. പ്രദീപ് കുമാറിനെ പോലെ പരിചയ സമ്പന്നരെ ജില്ലയില്‍ നിന്ന് സമർത്ഥമായി മാറ്റിനിർത്തിയ ശേഷമാണ് മെഹബൂബിൻെറ ജില്ലാ നേതൃത്വത്തിലേക്കുളള ആരോഹണത്തിന് വഴിയൊരുക്കിയത്.

അതുകൊണ്ടുതന്നെ മെഹബൂബ് നയിക്കുന്ന പാർട്ടി ബേപ്പൂരില്‍ റിയാസിൻെറ ജയത്തിന് വേണ്ടി കൈമെയ് മറന്ന് ഇറങ്ങും. ഇതോടെ അൻവർ – റിയാസ് ബേപ്പൂരിനെ സംസ്ഥാന ശ്രദ്ധയില്‍ എത്തിക്കുമെന്ന് തീർച്ചയാണ്.

ബേപ്പൂർ വെറുമൊരു മണ്ഡലമല്ല, മറിച്ച്‌ മുഖ്യമന്ത്രിയുടെ പിൻഗാമിയായി ഉയർത്തിക്കാട്ടപ്പെടുന്ന റിയാസിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന പരീക്ഷണശാലയാണ്.
അൻവർ ഇവിടെ ജയിച്ചാലും തോറ്റാലും ഇടത് ഭൂരിപക്ഷത്തില്‍ ഉണ്ടാക്കുന്ന ഇടിവ് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ സൂചനയാകും.