
മലപ്പുറം : മുൻ എംഎൽഎ പി.വി. അൻവറിന്റെയും സഹായികളുടെയും വീടുകളിൽ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ സാമ്പത്തിക ക്രമക്കേടുകൾ സംശയിക്കുന്ന ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബിനാമി ഇടപാടുകൾ സംശയിക്കുന്നതായും ഇഡി വ്യക്തമാക്കി. 2016-ൽ 14.38 കോടി ആയിരുന്ന അൻവറിന്റെ സ്ഥാപനങ്ങളുടെ ആസ്തിമൂല്യം 2021-ൽ 64.14 കോടിയായി വർധിച്ചു എന്ന അവകാശവാദത്തിന് തൃപ്തികരമായ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഇഡി പത്രക്കുറിപ്പിൽ പറയുന്നു.
2015-ൽ അൻവറും ബന്ധപ്പെട്ടവരും കെഎഫ്‌സിയിൽനിന്ന് എടുത്ത വായ്പകളുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡ്. മാലാംകുളം കൺസ്ട്രക്ഷൻസിന്റെ പേരിലുള്ള 7.5 കോടിയുടെയും പീവീആർ ഡിവലപ്പേഴ്‌സിന്റെ പേരിലെടുത്ത 3.05 കോടി, 1.56 കോടി എന്നീ രണ്ടു വായ്പകളുടെയും തിരിച്ചടവ് മുടങ്ങിയതിലൂടെ ഒട്ടാകെ 22.3 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തിയായിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലാംകുളം കൺസ്ട്രക്ഷൻസ് തന്റെ മരുമക്കളുടെയും ഡ്രൈവറുടെയും പേരിലാണെങ്കിലും യഥാർഥ ഉടമ താൻതന്നെയാണെന്ന് അൻവർ സമ്മതിച്ചതായി ഇഡി അറിയിച്ചു.
അൻവറിന് വായ്പകൾ അനുവദിച്ചതിൽ ക്രമക്കേടുകളുണ്ടായതായും ഒരേ വസ്തുവിന്റെ ഈടിൽ ഒന്നിലധികം വായ്പകൾ അനുവദിച്ചതായും കെഎഫ്‌സി ഉദ്യോഗസ്ഥരുടെ മൊഴികൾ ലഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകൾ നടത്തിയിട്ടുണ്ടാവാമെന്നു കരുതുന്ന 15 ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ പിടിച്ചെടുത്തിട്ടുമുണ്ട്.
ഇഡി റെയ്ഡിനു പിന്നിൽ രാഷ്ട്രീയകാരണങ്ങളാണുള്ളതെന്ന് പി.വി. അൻവർ പറഞ്ഞു. എംഎൽഎ ആകുന്നതിനു മുൻപ് 2015-ൽ കെഎഫ്‌സിയിൽനിന്ന് എടുത്ത ലോണുകളുടെ തിരിച്ചടവ് മുടങ്ങിയെന്ന പരാതികളാണ് റെയ്ഡിലേക്ക് നയിച്ചത്.
ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നതിലാണ് ഇഡി അന്വേഷണം. എന്നാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെപോയതിൽ കള്ളപ്പണ ഇടപാടുണ്ടാകുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല- അൻവർ പറഞ്ഞു.
ഒറ്റത്തവണ തീർപ്പാക്കലിന് കെഎഫ്‌സിക്ക് അപേക്ഷ നൽകി. ആ തുകയ്ക്ക് തീർപ്പാക്കാനാവില്ലെന്ന് കെഎഫ്‌സി മറുപടി നൽകി. കൂടിയ തുക കാണിച്ച് വീണ്ടും അപേക്ഷിച്ചു. എന്നാൽ അതിൽ മറുപടി നൽകാതെ ജപ്തി ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയത് സംസ്ഥാന സർക്കാരിന്റെ പ്രതികാര നടപടികളുടെ ഭാഗമാണ്- അൻവർ പറഞ്ഞു.




