video
play-sharp-fill
പി വി അൻവറിനെ “ക്ഷ” പറയിപ്പിച്ച് മുഖ്യമന്ത്രി;  സർക്കാരിൻ്റെയും എഡിജിപി അജിത്കുമാറിൻ്റെയും  അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിച്ച് കത്തിച്ച പടക്കം മുഖ്യമന്ത്രിയുടെ വിരട്ടലിൽ ചീറ്റിപ്പോയി

പി വി അൻവറിനെ “ക്ഷ” പറയിപ്പിച്ച് മുഖ്യമന്ത്രി; സർക്കാരിൻ്റെയും എഡിജിപി അജിത്കുമാറിൻ്റെയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിച്ച് കത്തിച്ച പടക്കം മുഖ്യമന്ത്രിയുടെ വിരട്ടലിൽ ചീറ്റിപ്പോയി

തിരുവനന്തപുരം :പി വി അൻവറിനെ “ക്ഷ” പറയിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെയും എഡിജിപി അജിത്കുമാറിൻ്റെയും അടിവേര് ഇളക്കുമെന്ന പ്രതീതി സൃഷ്ടിച്ച് അൻവർ കത്തിച്ച് വിട്ട പടക്കം മുഖ്യമന്ത്രിയുടെ വിരട്ടലിൽ ചീറ്റിപ്പോയി

മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിലെ അദ്ദേഹത്തിൻ്റെ വിശ്വസ്തനുമെതിരെ അതീവ ഗുരുതര ആരോപണങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഉന്നയിച്ച അൻവർ, മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഒരു പരാതിയുമില്ലാതെ പിൻവാങ്ങി അവസ്ഥയിലായി എന്നതാണ് ശ്രദ്ധേയം. സഖാവെന്ന നിലയില്‍ തൻ്റെ ഉത്തരവാദിത്തം തീർന്നുവെന്നാണ് പുതിയ ന്യായീകരണം.

കൊലപാതകം, സ്വർണക്കടത്ത്, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി അത്യന്തം ഗുരുതരമായ ആക്ഷേപങ്ങളാണ് എഡിജിപി അജിത്ത്കുമാറിനെതിരെ അൻവർ ഉന്നയിച്ചത്. എഡിജിപി ‘നൊട്ടോറിയസ് ക്രിമിനല്‍’ ആണെന്നുപോലും അൻവർ മാധ്യമങ്ങൾക്ക് മുന്നിൽ വിളിച്ചു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒപ്പം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി പരാജയമാണെന്നും അൻവർ ചൂണ്ടിക്കാട്ടി. പി.ശശി എന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയെ വണങ്ങി തന്നെയാകും അൻവർ ഇന്നും ആ ഓഫീസില്‍ പോയി തിരിച്ചു പോന്നിട്ടുണ്ടാകുക. താൻ വിളിച്ചുപറഞ്ഞ വിവരങ്ങളിൻ മേൽ ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പറയാം. പക്ഷേ ആരോപണ വിധേയൻ്റെ വളരെ ജൂനിയറായ ഏതാനും ഉദ്യോഗസ്ഥരെ ചേർത്ത് രൂപീകരിച്ച സംഘത്തിൻ്റെ നീക്കം എവിടം വരെ പോകുമെന്ന് കണ്ടറിയണം

ഇവരുടെയൊക്കെ മികവ് വിലയിരുത്തുന്ന വാർഷിക റിപ്പോർട്ട് എഴുതേണ്ട ഉദ്യോഗസ്ഥനാണ് എഡിജിപി എംആർ അജിത് കുമാർ. അദ്ദേഹത്തിന് എതിരെയാണ് അവർ അന്വേഷണം നടത്തേണ്ടത്.

ഇനി, പി.വി.അൻവർ ആദ്യം പ്രതിക്കൂട്ടില്‍ നിർത്തിയ എസ്പി സുജിത് ദാസിൻ്റെ കാര്യമെടുത്താല്‍ misconduct പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടും പേരിന് പോലും ഒരു അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. സ്വർണ്ണക്കടത്ത്, മരംമുറി, കസ്റ്റഡി കൊലപാതകമടക്കം അതീവ ഗുരുതര ആരോപണങ്ങളാണ് എസ്പിക്കെതിരെ അൻവർ ഉന്നയിച്ചത്. പോരാത്തതിന് സഹായംതേടി എസ്പി തൻ്റെ കാലുപിടിച്ചതിൻ്റെ ശബ്ദരേഖയും പുറത്തുവിട്ടു. ഇതൊന്നും പ്രശ്നമല്ല, മുഖ്യമന്ത്രിയെ കണ്ട് എല്ലാം എഴുതി കൊടുത്തതോടെ തൻ്റെ ഉത്തരവാദിത്തം അവസാനിച്ചു എന്നാണ് ഇന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അജിത് കുമാറിനെതിരെ മാറ്റി നിർത്താതെയുള്ള അന്വേഷണത്തില്‍ സംതൃപ്തനാണോ എന്ന ചോദ്യത്തിനും അൻവർ ഉരുണ്ടുകളിച്ചു.

സുരേഷ് ഗോപിക്ക് വഴിവെട്ടാൻ വേണ്ടി തൃശൂർ പൂരം കലക്കിയത് എഡിജിപി അജിത് കുമാറാണെന്ന് അൻവർ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. ബിജെപിക്കു വേണ്ടി എഡിജിപി പൂരം കലക്കിയെന്ന ആരോപണം കൂടി വന്നതോടെ അൻവറിൻ്റെ കുന്തമുന വീണ്ടും മുഖ്യമന്ത്രിയിലേക്കാണ് തിരിഞ്ഞത്. അതിലുപരി മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് സേനയെ അധോലോക സേനയായി ചിത്രീകരിച്ച ശേഷം അവർ നടത്തുന്ന അന്വേഷണം എന്ന തട്ടിക്കൂട്ട് പരിപാടിയെക്കുറിച്ചു പോലും നിലപാട് പറയാനാകാത്ത അവസ്ഥയില്‍ അൻവർ ഒളിച്ചോടി എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല.