എം.എൽ.എയുടെ പാർക്കിനെതിരെ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർ അഴിമതിക്കാരനെന്നു വരുത്താൻ സി.പി.എമ്മിന്റെ ഒപ്പു ശേഖരണം
സ്വന്തം ലേഖകൻ
കൂടരഞ്ഞി: പി വി അൻവർ എംഎൽഎയുടെ പാർക്കിനെതിരെ റിപ്പോർട്ട് നൽകിയ കൂടരഞ്ഞി വില്ലേജ് ഓഫീസർക്കെതിരെ സിപിഎമ്മിന്റെ ഒപ്പ് ശേഖരണം. ജനദ്രോഹ നടപടികൾ കൈക്കൊള്ളുന്നുവെന്ന വ്യാജ പരാതി ഉന്നയിച്ച് വില്ലേജ് ഓഫീസറെ സ്ഥലം മാറ്റാനുള്ള ശ്രമമാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.
പി.വി. അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്കിൽ ഉരുൾപൊട്ടൽ സർക്കാർ ശ്രദ്ധയിൽ പെടുത്തിയത് കൂടരഞ്ഞി വില്ലേജ് ഓഫീസറാണ്. പരിസ്ഥിതി ദുർബല മേഖലയിലെ പാർക്ക് പൂട്ടാനുള്ള ശുപാർശയുമായി അന്വേഷണ റിപ്പോർട്ടും വില്ലേജ് ഓഫീസർ കളക്ടർക്ക് നൽകി. പാർക്ക് പൂട്ടാനുള്ള കോടതി നിർദേശത്തിന് അടിസ്ഥാനമായതും വില്ലേജ് ഓഫീസറുടെ റിപ്പോർട്ടാണ്. തുടർന്നാണ് വില്ലേജ് ഓഫീസർക്കെതിരെ സിപിഎം പടയൊരുക്കം തുടങ്ങിയത്. ഇതിൻറെ ഭാഗമായി വില്ലേജ് ഓഫീസർ രാമചന്ദ്രൻ ജനവിരുദ്ധനാണെന്ന് പ്രചാരണം നടത്തി നാട്ടുകാരിൽ നിന്ന് ഒപ്പ് ശേഖരിച്ച് റവന്യൂ വകുപ്പിന് സമർപ്പിക്കാനാണ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉരുൾപൊട്ടലിനെ തുടർന്ന് പാരിസ്ഥിതിക ദുർബല മേഖലയിൽ ക്വാറികൾ പാടില്ലെന് വില്ലേജ് ഓഫീസറുടെ നിലപാടും സിപിഎമ്മിനെ ചൊടിപ്പിച്ചതായാണ് സൂചന. കൊടിയത്തൂർ വില്ലേജ് ഓഫീസർ സുബ്രഹ്മണ്യനെ ഇക്കഴിഞ്ഞ ഒക്ടോബറിൽ സ്ഥലം മാറ്റിയതിന് പിന്നിലും സിപിഎമ്മാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. ക്വാറികൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ഇദ്ദേഹവും റിപ്പോർട്ട് നൽകിയിരുന്നു.
കൊടിയത്തൂർ വില്ലേജിലെ മിച്ചഭൂമി റീസർവേ ചെയ്യണമെന്ന വില്ലേജ് ഓഫീസറുടെ നിലപാടും കൊടിയത്തൂർ വില്ലേജ് ഓഫീസറുടെ സ്ഥലം മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന.