
കോഴിക്കോട്: യുഡിഎഫ് പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കാസർകോട്, കണ്ണൂർ, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ജാഥയ്ക്ക് ലഭിച്ച പ്രാധാന്യം കേരളം വിലയിരുത്തുന്നുണ്ട്. ജാഥയുടെ വിജയത്തിൽ അസൂയ പൂണ്ടവരാണ് ജാഥയുടെ ശോഭ കെടുത്താൻ ഇല്ലാത്ത കാര്യങ്ങൾ ഊതിവീർപ്പിച്ച് ഇത്തരം നെഗറ്റീവ് വാർത്തകൾ പടച്ചുവിടുന്നത്.
കുറ്റ്യാടിയിൽ പുതുയുഗ യാത്ര സ്വീകരണത്തിനിടെ ഷാഫി പറമ്പിലും ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിലും തമ്മിൽ തർക്കമുണ്ടായതിൽ വിശദീകരണം നടത്തുകയായിരുന്നു പ്രതിപക്ഷ നേതാവ്. സമയം വൈകിയതിനാൽ താൻ മാത്രം സംസാരിക്കാമെന്നും ഷാഫി പറമ്പിൽ സംസാരിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു. എന്നാൽ, ഷാഫി സംസാരിക്കണമെന്ന് പ്രമോദ് നിർബന്ധിച്ചപ്പോൾ അദ്ദേഹത്തെ മാറ്റി ഇരുത്തുകയാണ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുല്ലപ്പള്ളി രാമചന്ദ്രൻ വീണു എന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്നും താൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം തന്റെ സീറ്റിലേക്ക് ഇരിക്കുക മാത്രമാണ് ചെയ്തതെന്നും വി.ഡി. സതീശൻ പറഞ്ഞു.
കഴിഞ്ഞദിവസമുണ്ടായത് ഒരു വീട്ടിൽ അല്ലെങ്കിൽ കുടുംബത്തിൽ നടക്കുന്ന സാധാരണകാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജാഥയിൽ യാതൊരുവിധ അച്ചടക്ക ലംഘനവും ഉണ്ടായിട്ടില്ല. എല്ലാ ഘടകകക്ഷികളുടെയും നേതാക്കളും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചിരുന്നു.



